സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ തത്ക്ഷണ സെറ്റിൽമെന്റ്:ഇടപാടുകൾ വേഗത്തിലാക്കാൻ സെബി

0
214

സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ തത്ക്ഷണ സെറ്റിൽമെന്റ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). ഇടപാടുകൾ തത്സമയ അടിസ്ഥാനത്തിൽ തീർപ്പാക്കുന്ന സംവിധാനമാണ് തത്ക്ഷണ സെറ്റിൽമെന്റ്. 2024 മാർച്ചോടെ ഓഹരി വ്യാപാരങ്ങളുടെ സെറ്റിൽമെന്റ് അതേ ദിവസം (T+0 ) നടപ്പിലാക്കാനും പിന്നാലെ തത്ക്ഷണ സെറ്റിൽമെന്റ് നടത്താനും സെബി ലക്ഷ്യമിടുന്നതായി മുമ്പ് അറിയിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകൾക്കായി ഒരു ഓപ്‌ഷണൽ T+0 സെറ്റിൽമെന്റ് സൈക്കിൾ അവതരിപ്പിക്കും, ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റിൽമെന്റ് അതേ ദിവസം 4:30ന് പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ, വൈകീട്ട് 3.30 വരെ ട്രേഡുകൾക്കായി ഓപ്ഷണൽ ഇമ്മീഡിയേറ്റ് ട്രേഡ്-ബൈ-ട്രേഡ് സെറ്റിൽമെന്റ് നടത്തും. പുതിയ സംവിധാനം നിക്ഷേപകരുടെ സെക്യൂരിറ്റികളുടെയും ഫണ്ടുകളുടെയും സെറ്റിൽമെന്റുകൾ വേഗത്തിലാക്കുകയും മൊത്തത്തിലുള്ള വിപണി കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സെബി പറഞ്ഞു.

2023 ജനുവരിയിലാണ് രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റുകൾ T+1 സെറ്റിൽമെന്റിലേക്ക് മാറിയത്. വ്യാപാരം നടത്തി അടുത്ത പ്രവൃത്തി ദിവസം തന്നെ അവ തീർപ്പാക്കുന്ന സംവിധാനമാണിത്. നേരത്തെ ഇത് T+2 (രണ്ട് ദിവസത്തിനുള്ളിൽ) സംവിധാനമായിരുന്നു.