കളിപ്പാട്ടം വിറ്റു കോടീശ്വരിയായ അമ്മ

Related Stories

മീത ശര്‍മ്മ ഗുപ്ത 2016 ല്‍ ആരംഭിച്ച സുസ്ഥിരവും സുരക്ഷിതവുമായ കളിപ്പാട്ട ബ്രാന്‍ഡ് ആണ് ‘ഷുമി’.

ഡല്‍ഹി ഐഐടിയില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ മീത, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കി. അവിടെ തന്നെ ലാഭകരമായ ഒരു കരിയര്‍ സ്വന്തമായെങ്കിലും, കുടുംബവുമായി കൂടുതല്‍ അടുക്കണമെന്ന തോന്നലില്‍ നിന്നാണ് 2012-ല്‍ ഡല്‍ഹിയിലെ സ്വന്തം പട്ടണത്തിലേക്ക് മടങ്ങിയെത്തിയത്.

മീത തന്റെ കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങൾ തേടിയിറങ്ങിയപ്പോൾ ഇന്ത്യയില്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒന്നുകില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചതോ ചെറിയ കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്തതോ ആണെന്ന് കണ്ടെത്തി. ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന കാലത്ത് യുഎസിലേക്കുള്ള യാത്രകളില്‍ മീത അവിടെയുള്ള കളിപ്പാട്ടങ്ങള്‍ തിരികെ കൊണ്ടുവരാന്‍ തുടങ്ങി.

ഈ സമയത്താണ് മീതയ്ക്ക് ഇന്ത്യയില്‍ ശരിയായ കളിപ്പാട്ടങ്ങള്‍ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന ചിന്തയുണ്ടായത്. കളിപ്പാട്ടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള സാങ്കേതിക പരിശീലനം ലഭിച്ചില്ലെങ്കിലും, നല്ല നിലവാരമുള്ളതും താങ്ങാവുന്ന വിലയില്‍ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതുമായ ഒരു ബ്രാന്‍ഡ് കൊണ്ടുവരാന്‍ മീത ആഗ്രഹിച്ചു. അങ്ങനെയാണ് ഷുമി ബ്രാന്‍ഡ് പിറന്നത്.

കുഞ്ഞുങ്ങള്‍ക്കുള്ള റാറ്റില്‍സ്, വേപ്പ് തടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, ടീത്തറുകളുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങള്‍ക്കായി, മോട്ടോര്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന വേപ്പ് കൊണ്ട് നിര്‍മ്മിച്ച പുഷ് വാക്കറുകളുമുണ്ട്.

പരമ്പരാഗത കഥകളെ അടിസ്ഥാനമാക്കിയുള്ള നിരവധി പസിലുകളും ബോര്‍ഡ് ഗെയിമുകളും കുട്ടികള്‍ക്കായുണ്ട്.

ഷുമീയിലെ കളിപ്പാട്ടങ്ങള്‍ സുരക്ഷിതവും വിവിധതരം ചെടികളുടെ മരം കൊണ്ട് നിര്‍മ്മിച്ചതുമാണ്. വേപ്പ്, മാങ്ങ, ബിര്‍ച്ച് എന്നിവയാണ് ഏറ്റവും പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്. ഷുമിയുടെ ഗുണനിലവാരം കാരണം, ഈ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്തതാണെന്ന് ആളുകള്‍ പലപ്പോഴും കരുതുന്നു. നിറങ്ങള്‍ നോണ്‍-ടോക്‌സിക് പെയിന്റ്‌സ് ആണെന്നും എല്ലാ മെറ്റീരിയലുകളും അമേരിക്കന്‍, യൂറോപ്യന്‍, ഇന്ത്യന്‍ മാനദണ്ഡങ്ങളാല്‍ സാക്ഷ്യപ്പെടുത്തിയതാണെന്നും ഉടമസ്ഥയായ മീത കൂട്ടിച്ചേര്‍ക്കുന്നു.
യു എസ്, യു കെ, യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. പ്രതിമാസം 8,000-ത്തിലധികം ഓര്‍ഡറുകള്‍ കമ്പനിക്കുണ്ട്. ഇന്ത്യയിലുടനീളം 100 ലധികം കരകൗശല വിദഗ്ധരുമായി ചേർന്നാണ് കളിപ്പാട്ടം നിർമ്മിക്കുന്നത്. ഇന്ന് കോടിക്കണക്കിന് രൂപയുടെ ബ്രാന്‍ഡായി ഷുമി വളര്‍ന്നു കഴിഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories