ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി സിംഗപ്പൂരും സൂറിച്ചും. ന്യൂയോർക്കിനെ മറികടന്നാണ് രണ്ട് നഗരങ്ങളും പട്ടികയിൽ ഒന്നാമതെത്തിയത്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് 2023 റിപ്പോർട്ട് പ്രകാരം, ആഡംബര കാറുകളുടെ എണ്ണം, വിലയേറിയ മദ്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം എന്നിവയിൽ സിംഗപ്പൂർ ന്യൂയോർക്കിനേക്കാൾ മുന്നിലെത്തി. സ്വിസ് ഫ്രാങ്കിന്റെ വർധിച്ച മൂല്യം, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം, ആഡംബര വീട്ടുപകരണങ്ങൾ എന്നിവയാണ് കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന സൂറിച്ചിനെ സിംഗപ്പൂരിനൊപ്പം ഒന്നാം സ്ഥാനത്തെത്തിച്ചത്.
മൂന്നാം സ്ഥാനത്ത് ന്യൂയോർക്കിനൊപ്പം ജനീവയുമുണ്ട്. ഏറ്റവും ചെലവേറിയ അഞ്ച് സ്ഥലങ്ങളുടെ പട്ടികയിൽ ഹോങ്കോംഗും ഇടംപിടിച്ചു. ആഗസ്ത് 14 നും സെപ്തംബർ 11 നും ഇടയിൽ നടന്ന സർവേയിൽ ആഗോളതലത്തിൽ 173 നഗരങ്ങളിലെ 400-ലധികം വിലകളാണ് താരതമ്യം ചെയ്തത്. സിംഗപ്പൂർ, സൂറിച്ച്, ജനീവ, ന്യൂയോർക്ക്, ഹോങ്കോംഗ്, ലോസ് ഏഞ്ചൽസ്, പാരീസ്, കോപ്പൻഹേഗൻ, ടെൽ അവീവ്, സാൻ ഫ്രാൻസിസ്കോ എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങൾ. പട്ടികയിലെ ഏറ്റവും ‘ചീപ്പസ്റ്റ് സിറ്റി’ സിറിയൻ തലസ്ഥാനമായ ഡമാസ്കസ് ആണ്.