ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രം

0
1381

2023 ഒക്ടോബർ-ഡിസംബർ പാദത്തിലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ത്തി. അതേസമയം മറ്റെല്ലാ ചെറുകിട സമ്പാദ്യ പദ്ധതികൾക്കും ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ നല്‍കിയ അതേ പലിശ നിരക്ക് തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

വിപണിയിലുള്ള സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ നിരക്കുകള്‍ക്ക് അനുസൃതമായാണ് ചെറുകിട സമ്പാദ്യ പലിശനിരക്കുകള്‍ തീരുമാനിക്കുന്നത്. അതിനാല്‍ ബോണ്ട് യീല്‍ഡ് ഉയരുമ്പോള്‍ ചെറുകിട സമ്പാദ്യത്തിന്റെ പലിശ നിരക്കും ഉയരും. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ ചെറുകിട സമ്പാദ്യ പലിശ നിരക്കുകളുടെ റഫറന്‍സ് കാലയളവായ ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ ഗവണ്‍മെന്റ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നതിനാലാണ് നിലവില്‍ പലിശനിരക്ക് ഉയര്‍ന്നത്. തുടര്‍ച്ചയായ ഒമ്പത് പാദങ്ങളില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതിന് ശേഷം 2022 ഒക്ടോബര്‍-ഡിസംബര്‍ മുതല്‍ ധനമന്ത്രാലയം ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശകള്‍ ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു.

മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് 8.2 ശതമാനമായി തുടരും. അതേസമയം സേവിംഗ്സ് നിക്ഷേപങ്ങളുടെ നിരക്ക് പ്രതിവർഷം 4 ശതമാനമായി തുടരും. 8.15 ശതമാനമെന്ന ഉയർന്ന പലിശനിരക്കാണ് 2023 സാമ്പത്തിക വർഷത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വരിക്കാർക്ക് ലഭിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇതിൽ മോഡറേഷൻ ഉണ്ടായേക്കാം.