ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ്:99.2 ശതമാനം വര്‍ദ്ധനവ്

0
470

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 99.2 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ). അമേരിക്കയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണി. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 489.4 ശതമാനം വളര്‍ച്ചയാണ് ഏപ്രില്‍-ജൂലൈയില്‍ അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.

അതേസമയം, യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ആ രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടേയും, വിമാന ഇന്ധനത്തിന്റെയും കയറ്റുമതിയെ മറികടന്നു. ഏപ്രില്‍-ജൂലൈയില്‍ 25.7 ശതമാനം വർധനയോടെ 83.63 കോടി ഡോളറിന്റെ (6,950 കോടി രൂപ) സ്മാര്‍ട്ട്‌ഫോണുകളാണ് യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. ഇതേ കാലയളവിലെ വ്യോമ ഇന്ധന (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) കയറ്റുമതി 72.33 കോടി ഡോളറും (6,000 കോടി രൂപ) പെട്രോള്‍ കയറ്റുമതി 55.16 കോടി ഡോളറും (4,600 കോടി രൂപ) മാത്രമാണ്.

ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈ മാസങ്ങളിൽ ഇന്ത്യ 4.67 ബില്യൺ ഡോളറിന്റെ സ്‌മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്‌തതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. യുഎഇ (836.36 മില്യൺ ഡോളർ), നെതർലാൻഡ്‌സ് (379.3 മില്യൺ ഡോളർ), യുണൈറ്റഡ് കിംഗ്ഡം (336.27 മില്യൺ ഡോളർ), ഇറ്റലി (245.7 മില്യൺ ഡോളർ), ചെക്ക് റിപ്പബ്ലിക് (230.25 മില്യൺ ഡോളർ) എന്നിവയാണ് ഇന്ത്യയുടെ മറ്റ് സ്മാർട്ട് ഫോൺ വിപണികൾ. കേന്ദ്ര ഗവൺമെന്റിന്റെ പ്രോഡക്റ്റ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയും, യുഎസ് ആസ്ഥാനമായുള്ള ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ ആഭ്യന്തര ഉത്പ്പാദനവും ആരംഭിച്ചതോടെയാണ്, മൊബൈൽ ഫോണുകളുടെ പ്രധാന ഉത്പ്പാദന കേന്ദ്രമായി ഇന്ത്യ ഉയർന്നത്.