2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 202.35 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 115.35 കോടി രൂപയില്‍ നിന്ന് 75.42 ശതമാനമെന്ന മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. ഒന്നാം പാദത്തിലെ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ 316.82 കോടി രൂപയില്‍ നിന്ന് 54.74 ശതമാനം വര്‍ധിച്ച് 490.24 കോടി രൂപയിലെത്തി.
ബാങ്ക് സ്വീകരിച്ച തന്ത്രപ്രധാന നയങ്ങള്‍ പ്രകടന മികവ് തുടരാന്‍ സഹായിച്ചുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. കോര്‍പറേറ്റ്, എസ്എംഇ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗുണമേന്മയുള്ള ആസ്തി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.
അറ്റ പലിശ വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തിലെ 603.38 കോടി രൂപയില്‍ നിന്ന് ഇത്തവണ 807.77 കോടി രൂപയായി വര്‍ധിച്ചു. 33.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. അറ്റ പലിശ മാര്‍ജിന്‍ 60 പോയിന്റുകള്‍ ഉയര്‍ന്ന് 3.34 ശതമാനത്തിലെത്തി. മുന്‍വര്‍ഷം ഇത് 2.74 ശതമാനമായിരുന്നു.
മൊത്ത നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 5.87 ശതമാനത്തില്‍ നിന്നും 74 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് ഇത്തവണ 5.13 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 2.87 ശതമാനത്തില്‍ നിന്നും 102 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് 1.85 ശതമാനത്തിലുമെത്തി. നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകളിലെ റിക്കവറിയും അപ്ഗ്രഡേഷനും മുന്‍വര്‍ഷത്തെ 296.23 കോടി രൂപയില്‍ നിന്ന് 361.71 കോടി രൂപയായും ഉയര്‍ന്നു.
ഓഹരി വരുമാന അനുപാതം 7.68 ശതമാനത്തില്‍ നിന്നും 11.80 ശതമാനമായും, ആസ്തി വരുമാന അനുപാതം 0.46 ശതമാനത്തില്‍ നിന്ന് 0.73 ശതമാനമായും വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി.
ഒന്നാം പാദത്തില്‍ നിക്ഷേപങ്ങളിലും വായ്പാ വിതരണത്തിലും ബാങ്ക് മുന്നേറ്റമുണ്ടാക്കി. റീട്ടെയില്‍ നിക്ഷേപം ആറ് ശതമാനം വളര്‍ച്ചയോടെ 92,043 കോടി രൂപയിലെത്തി. എന്‍ആര്‍ഐ നിക്ഷേപം മൂന്ന് ശതമാനം വര്‍ധിച്ച് 28,382 കോടി രൂപയിലുമെത്തി. കാസ നിക്ഷേപവും മൂന്ന് ശതമാനം വളര്‍ച്ച നേടി.
കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട് (കാസ) മൂന്ന് ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. സേവിങ് അക്കൗണ്ട് രണ്ടു ശതമാനവും കറന്റ് അക്കൗണ്ട് ആറ് ശതമാനവുമാണ് വളര്‍ച്ച നേടിയത്.
ഒന്നാം പാദത്തില്‍ ബാങ്ക് ആകെ 74,102 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. മുന്‍ വര്‍ഷം 64,705 കോടി രൂപയായിരുന്നു. ഇത്തവണ 15 ശതമാനമാണ് വളര്‍ച്ച.
കോര്‍പറേറ്റ് വിഭാഗത്തില്‍ 18,603 കോടി രൂപയിൽ നിന്ന് 48 ശതമാനം മികച്ച വര്‍ധനയോടെ 27,522 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. 8,919 കോടി രൂപയാണ് വാർഷിക വർധന. എ റേറ്റിങ്ങും അതിനു മുകളിലുമുള്ള കോര്‍പറേറ്റ് അക്കൗണ്ടുകളുടെ വിഹിതം 91 ശതമാനത്തില്‍ നിന്നും 96 ശതമാനമായി ഉയര്‍ന്നു.
വ്യക്തിഗത വായ്പകള്‍ 93 ശതമാനം വര്‍ധിച്ച് 1935 കോടി രൂപയിലെത്തി. സ്വര്‍ണ വായ്പകളില്‍ 21 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. 11,961 കോടി രൂപയില്‍ നിന്ന് ഇത്തവണ സ്വര്‍ണ വായ്പകള്‍ 14,478 കോടി രൂപയിലെത്തി. 2.50 ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ 955 കോടി രൂപയുടെ വായ്പയും വിതരണം ചെയ്തു.
‘ഗുണമേന്മയുള്ള വായ്പയിലൂടെ ലാഭകരമായ വളര്‍ച്ച’ എന്ന നയപ്രകാരം, 2020 ഒക്ടോബര്‍ മുതല്‍ 45,268 കോടി രൂപയുടെ ഗുണനിലവാരമുള്ള വായ്പകളിലൂടെ വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 61 ശതമാനവും പുനര്‍ക്രമീകരിക്കാന്‍ കഴിഞ്ഞതായും മുരളി രാമകൃഷ്ണന്‍ പറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 0.16 ശതമാനത്തില്‍ മാത്രം നിലനിര്‍ത്തിയാണ് ഈ നേട്ടം.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 16.49 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 16.25 ശതമാനമായിരുന്നു.
പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ എസ്‌ഐബിഒഎസ്എലിന്റെ പ്രകടനം കൂടി ഉള്‍പ്പെട്ടതാണ് ഈ കണക്കുകള്‍.