രാജ്യത്ത് കാപ്പി പ്രേമികളുടെ എണ്ണം കൂടുന്നു:1000 പുതിയ സ്റ്റോറുകള്‍ തുറക്കാൻ സ്റ്റാര്‍ബക്സ്

0
542

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആയിരം സ്റ്റോറുകള്‍ തുറക്കാൻ സ്റ്റാര്‍ബക്സ്. രാജ്യത്ത് കാപ്പി പ്രേമികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആഗോള കോഫി ഭീമന്‍ സ്റ്റാര്‍ബക്സിന്‍റെ ഈ തീരുമാനം. ചൂടു പാല്‍ ചായയില്‍ നിന്നും കാപ്പിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടുന്നതായാണ് സ്റ്റാര്‍ബക്സിന്റെ കണ്ടെത്തൽ.

2028-ഓടെ രാജ്യത്ത് തൊഴിലവസരങ്ങൾ ഇരട്ടിയാക്കാൻ ഇതിലൂടെ സാധിക്കും. വിപുലീകരണം പൂർത്തിയാകുന്നതോടെ 8,600 പേർക്ക് തൊഴിലവസരം ലഭിക്കും. പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് പുറത്ത് ചെറിയ പട്ടണങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കും. എയര്‍പോര്‍ട്ടുകള്‍ക്ക് സമീപവും സ്റ്റോറുകള്‍ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയായിരിക്കും ഇവയില്‍ ചിലത്.

2012 ൽ ആണ് സ്റ്റാർബക്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡുമായി 50 ശതമാനം സംയുക്ത സംരംഭത്തിലൂടെയാണ് സ്റ്റാര്‍ബക്സ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 54 നഗരങ്ങളിലായി 390 സ്റ്റോറുകളാണ് സ്റ്റാര്‍ബക്സിനുള്ളത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ സ്റ്റാര്‍ബക്സിന്‍റെ അതിവേഗം വളരുന്ന വിപണികളിലൊന്നായി ഇന്ത്യ മാറിയെന്ന് കമ്പനി സിഇഒ ലഷ്മണ്‍ നരസിംഹന്‍ പറഞ്ഞു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാജ്യത്ത് 22 പുതിയ സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റുകളാണ് ആരംഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധനയാണ് വരുമാനത്തിൽ ഉണ്ടായത്.