2023 ൽ ഇന്ത്യയിലെ 100 ഓളം സ്റ്റാർട്ടപ്പുകൾ 24,000 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ദ ക്രഡിബിളാണ് പഠനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ഷെയർചാറ്റ്, സ്വിഗി, അൺഅക്കാഡമി തുടങ്ങിയ യൂണികോൺ സ്ഥാപനങ്ങളാണ് ജീവനക്കാരെ പിരിച്ചുവിട്ടവരിൽ മുന്നിൽ.
ഫണ്ടിംഗ് കുറഞ്ഞതും കൂടുതൽ ലാഭമുണ്ടാക്കാൻ നിക്ഷേപകരിൽ നിന്ന് സമ്മർദമുണ്ടായതുമാണ് ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിലേക്ക് സ്റ്റാർട്ടപ്പുകളെ നയിച്ചതെന്നാണ് വിലയിരുത്തൽ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് മിക്ക സ്റ്റാർട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിട്ടത്. 7 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്റ്റാർട്ടപ്പ് ഫണ്ടിംഗാണ് 2023ൽ ലഭിച്ചത്. 2022ൽ 25 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചത്. എന്നാൽ 2023ൽ 8.2 ബില്യൺ ഡോളറിന്റെ നിക്ഷേപം മാത്രമാണ് സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചത്.
അതേസമയം രാജ്യത്തെ പല ചെറുകിട-ഇടത്തരം സ്റ്റാർട്ടപ്പുകൾ അടച്ചു പൂട്ടിയതും പലരുടെയും ജോലിയെ ബാധിച്ചു. പത്തിലധികം സ്റ്റാർട്ടപ്പുകൾക്കാണ് കഴിഞ്ഞ വർഷം പൂട്ട് വീണത്. ഫണ്ടിംഗിലെ ഇടിവാണ് ചെറുകിട-ഇടത്തരം സ്റ്റാർട്ടപ്പുകളെയും ബാധിച്ചത്. എഐ അടക്കമുള്ള സാങ്കേതിക വിദ്യയിലുണ്ടായ വളർച്ചയും ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് കമ്പനികളെ നയിച്ചു.