ഇന്ത്യൻ ഫാഷൻ രംഗത്തെ എക്കാലത്തെയും മികച്ച ഡിസൈനർ:പട്ടിൽ ഇഴചേർന്ന ബീന കണ്ണന്റെ കഥ 

0
123

ബിരുദത്തിന് ശേഷം ഡോക്‌ടറോ വക്കീലോ ആകാൻ ആഗ്രഹിച്ച പെൺകുട്ടി. അച്ഛനോട് തന്റെ ആഗ്രഹം പറഞ്ഞെങ്കിലും മകൾ ആരുടേയും കീഴിൽ ജോലി ചെയ്യുന്നത് ആ പിതാവിന് ഇഷ്‌ടമായിരുന്നില്ല. ബിരുദാനന്തര ബിരുദത്തിന് ചേർന്നാലോയെന്ന ചോദ്യത്തിന് നീ പ്രഫസർ ആകുന്നുണ്ടോ ഇല്ലെങ്കിൽ എന്തിനാണ് ഒരു സീറ്റ് നഷ്‌ടപ്പെടുത്തുന്നത് എന്നാണ് അച്ഛൻ ചോദിച്ചത്. കേരളത്തിലെ സ്ത്രീകളുടെ വസ്ത്രസങ്കൽപത്തെ തന്നെ മാറ്റിയെഴുതിയ ശീമാട്ടി ടെക്സ്റ്റൈൽസിൻ്റെ സിഇഒയും, ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ആയിരുന്നു ആ മകൾ. ലോകമൊട്ടാകെ പേരുകേട്ട, പെൺകരുത്തിൻറെ ശ്‌കതി തെളിയിച്ച ബീന കണ്ണന്റെ കഥയാണിത്. 

വ്യക്തമായ കാഴ്ചപ്പാടോടെ ബിസിനസില്‍ തന്റേതായ പുതിയ പാതകള്‍ സൃഷ്ടിക്കുകയാണ് ബീനാ കണ്ണന്‍. 1960 ജൂലൈ 17 ന് തിരുവെങ്കിട്ടത്തിൻ്റെയും സീത ലക്ഷ്‌മിയുടെയും മകളായി കോട്ടയത്താണ് ബീന ജനിച്ചത്. വസ്ത്രവ്യാപാരികളായിരുന്നു അച്ഛനും മുത്തശ്ഛനും. 1910-ൽ മുത്തച്ഛൻ വീരയ്യ റെഡ്ഡിയാണ് ശീമാട്ടി തുടങ്ങിയത്. 1980കളിലാണ് ബീന വസ്ത്രവ്യാപാര ലോകത്തേയ്ക്ക് കടന്ന് വന്നത്. അച്ഛനും ഭർത്താവിനുമൊപ്പം ജോലി ചെയ്‌ത്‌ സ്ഥാപനത്തെ വളർത്തുന്നതിൽ വലിയ പങ്കാണ് ബീന വഹിച്ചത്. സാധാരണ ഒരു വീട്ടമ്മയായി ജീവിതം ആരംഭിച്ച ബീന ഭര്‍ത്താവ് കണ്ണന്റെ മരണശേഷമാണ് മുഴുവന്‍ സമയവും ബിസിനസ്സിനായി മാറ്റി വച്ചത്. ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിവാഹ സിൽക്ക് സാരി ഡിസൈനർമാരിൽ ഒരാളാണ് ബീന കണ്ണൻ. 2007 ൽ ബീന കണ്ണൻ സൃഷ്‌ടിച്ച ഏറ്റവും നീളം കൂടിയ പട്ട് സാരി (അര കിലോമീറ്റർ) ഗിന്നസ് ബുക്കിലും ലിംഗ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരുന്നു. 

തന്നെ സഹായിക്കാൻ മറ്റാരുമില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ബീന ഒറ്റയ്ക്കുളള പോരാട്ടം ആരംഭിച്ചത്. സിൽക്ക് വ്യവസായത്തിലെ പ്രവണതകളെക്കുറിച്ച് അവർ തീവ്രമായി പഠിക്കുകയും രാജ്യത്തുടനീളം വ്യാപാരികളുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു. ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ സഞ്ചരിച്ചു. വിദേശ വനിതകളുടെ ഊർജ്ജസ്വലത യാത്രാവേളയിൽ ബീനയെ വിസ്മയിപ്പിച്ചു. അതിൽ നിന്നും പ്രചോദനം നേടിയ ബീന തന്റെ ജീവിതശൈലിയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നു.

ഇന്ത്യ മുഴുവൻ സഞ്ചരിച്ച് കടയിലേക്ക് ആവശ്യമായ സാരികളും മറ്റും ബീന തന്നെ ശേഖരിച്ചു. തമിഴ്നാട്ടിൽ നിന്നുമാണ് കോട്ടൺ സാരികൾ വരുത്തിയത്. ആദ്യം കോട്ടൺ സാരിയിലായിരുന്നു ബിസിനസ് ആരംഭിച്ചത് പിന്നീട് അത് പട്ടിലേക്ക് മാറി. അങ്ങനെ കാഞ്ചീപുരം സിൽക്സിന്റെ വ്യവസായത്തിൽ ഒരു വിപ്ലവകരമായ മുന്നേറ്റം തന്നെ സൃഷ്ടിച്ചു. സ്ത്രീ എപ്പോഴും സുന്ദരിയും സെക്‌സിയും ആകുന്നത് സാരിയിലാണ് എന്നാണ് ബീന പറയുന്നത്. അതിനാലായിരിക്കും സാരികളിലെ വ്യത്യസ്തതയ്ക്ക് അവര്‍ എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നത്. പട്ടിന്റെ ലോകത്ത് ബീന എപ്പോഴും വ്യത്യസ്തത തെളിയിച്ച് കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്നതും അത്തരം സാരികളാണ്. അത് കൊണ്ട് തന്നെ സ്ത്രീകളെ അതിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി വിപുലമായ മാറ്റങ്ങളാണ് ബീന കണ്ണന്‍ ഈ മേഖലയില്‍ കൊണ്ട് വരുന്നത്. ലോകമെമ്പാടുമുള്ള കാഞ്ചീപുരം സിൽക്ക് സാരികൾക്കായി ഒരു ഇടം, പരമ്പരാഗത പട്ട് സംരക്ഷിക്കുക എന്നതാണ് ബീനയുടെ ലക്ഷ്യം.

അങ്ങനെ ഒരു വീട്ടമ്മയില്‍ നിന്ന് കരുത്തുറ്റ ഒരു വനിത ബിസിനസ്സ് വ്യാപാരിയായി അവര്‍ വളര്‍ന്നു. തന്റെ വിജയത്തിനോടൊപ്പം കൂട്ടായും താങ്ങായും മക്കളായ ഗൗതം, വിഷ്ണു, തുഷാര എന്നിവരും ഒപ്പം ഉണ്ട്. ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന ബീന അതിലൊന്നും തളരാതെ പിടിച്ച് നിന്ന് തന്റെതായ മേഖലയില്‍ 100% വിജയം കൈവരിച്ചു. ഒരു സ്ത്രീ അതും ഒരു വിധവയെ നമ്മുടെ സമൂഹം ഏത് തരത്തില്‍ നോക്കി കാണും എന്നതിന് മുഖവില നല്‍കാതെ തന്റെ കഴിവ് സമൂഹത്തിനായും മാറി വരുന്ന ഫാഷന്‍ രംഗത്തിനായും മാറ്റി വെച്ചതിന്റെ ഫലമാണ് വസ്ത്രരംഗത്ത് വിജയകൊടി പാറിച്ച് നില്‍ക്കുന്ന ശീമാട്ടി എന്ന വിസ്മയലോകം.