13-ാം വയസ്സിൽ സിം കാർഡ് വിൽപ്പന, 21-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ:ഇത് റിതേഷിന്റെ ഒയോ കഥ 

0
161

അച്ഛനും അമ്മയും എഞ്ചിനീയറാക്കാൻ ഡൽഹിയിലേക്കയച്ച ബാലൻ പഠനം പാതിവഴിയിൽ നിർത്തി സ്വന്തം സ്വപ്‌നങ്ങൾക്കു പിന്നാലെ പോകുന്നു. പൂജ്യത്തിൽനിന്നു തുടങ്ങി 16,000 കോടിയുടെ ആസ്തി കെട്ടിപ്പടുക്കുന്നു. അതും 10 വർഷം കൊണ്ട്. ഹോട്ടൽ, ഹോസ്‌പിറ്റാലിറ്റി രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒയോ റൂംസിന്റെ സ്ഥാപകൻ റിതേഷ് അഗർവാളിന്റെ വിജയ കഥയാണിത്.  

ഒഡീഷയിലെ റായാഗഢിലെ ചെറിയൊരു പട്ടണത്തിലാണ് റിതേഷ് ജനിച്ചത്. ബിസിനസാണ് തന്റെ രക്തത്തിലുള്ളതെന്ന് മറ്റാർക്കുംമുൻപേ റിതേഷ് തിരിച്ചറിഞ്ഞിരുന്നു. 13-ാം വയസിൽ, രാജസ്ഥാനിലെ കോട്ടയിലുള്ള സെൻ്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ സിം കാർഡ് വിറ്റ് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കണ്ടെത്തുകയായിരുന്നു റിതേഷ്.

എന്നാൽ അച്ഛൻ രമേശ് അഗർവാളിന് മകനെക്കുറിച്ച് മറ്റു പദ്ധതികളായിരുന്നു.റിതേഷിനെ എഞ്ചിനീയറാക്കണമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചത്. അങ്ങനെയാണ് ഐ.ഐ.ടി-ജെ.ഇ.ഇ കൂടി ലക്ഷ്യമിട്ട് പത്താം ക്ലാസ് പഠനത്തിനായി മകനെ ഡൽഹിയിലേക്ക് അയച്ചത്. എന്നാൽ, ഡൽഹിയിലെത്തിയ റിതേഷിനു മറ്റു പദ്ധതികളുണ്ടായിരുന്നു. എഞ്ചിനീയറിങ് സ്വപ്‌നങ്ങൾ മാറ്റിവെച്ച് സ്വന്തം ബിസിനസുകളെക്കുറിച്ച് ആലോചിച്ചു തുടങ്ങി. കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പുറത്തേയ്ക്ക്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ശ്രദ്ധയാകർഷിച്ച എയർനാബ്  ട്രാവൽ ആപ്ലിക്കേഷൻ മാതൃകയിൽ ഇന്ത്യയിൽ താമസ സൗകര്യമൊരുക്കുക എന്നതായിരുന്നു റിതേഷിന്റെ ലക്ഷ്യം.

അങ്ങനെ ‘ഒറാവൽ സ്റ്റേയ്സ്’ ആരംഭിച്ചു. ചെലവ് കുറഞ്ഞ ലോഡ്‌ജുകളും ഹോട്ടൽ മുറികളും തിരയുന്ന യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ‘വൺ സ്റ്റോപ്പ്’ പോർട്ടലായിരുന്നു ഇത്. 2012 സെപ്റ്റംബറിൽ, തന്റെ 18-ാം മത്തെ വയസ്സിലാണ് ഹോസ്‌പിറ്റാലിറ്റി രംഗത്ത് റിതേഷ് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഒറാവൽ സ്റ്റേയ്സിന്റെ പ്രവർത്തന തത്വം ബെ‍ഡ് ആന്റ് ബ്രേക്ക്ഫാസ്റ്റ് ആയതു കൊണ്ട് ഇന്ത്യയിൽ ഇതിന് വലിയ സ്വീകാര്യതയുണ്ടായില്ല. കമ്പനി പൂട്ടി. റിതേഷ് തളർന്നില്ല. പ്രവർത്തനങ്ങളിലും ആശയങ്ങളിലും അൽപ്പം മാറ്റം വരുത്തി ഒയോ എന്ന പുതിയ ബ്രാൻഡിങ്ങോടെ വീണ്ടും റിതേഷ് സംരംഭം തുടങ്ങി. 

2013 മേയിലാണ് പിൽക്കാലത്ത് ഹോട്ടൽ, ഹോസ്‌പിറ്റാലിറ്റി രംഗത്തെ കുത്തകകളായി മാറിയ ഒയോയ്ക്കു തുടക്കമിടുന്നത്. ഒയോ ഹിറ്റാകാൻ അധിക സമയം വേണ്ടിവന്നില്ല. ഒയോ ആപ്പിലൂടെ മുറികളുടെ വിവിധ ഫോട്ടോകൾ കണ്ട് ബുക്ക് ചെയ്യുന്നതിൽ ഉപഭോക്താക്കൾ സന്തുഷ്ടരായി. റൂം ഓൺലൈനായി കണ്ട് ബുക്ക് ചെയ്യാം, അഡ്വാൻസ് പെയ്മെന്റ് വേണ്ട, ചെക്ക് ഇൻ മുതൽ ചെക്ക് ഔട്ട് വരെയുള്ള എല്ലാം ഓൺലൈനായി എളുപ്പത്തിൽ നടത്താം തുടങ്ങിയ പുതു ആശയങ്ങളൊക്കെ രാജ്യത്ത് വലിയ ജനശ്രദ്ധ നേടി. സാധാരണക്കാർക്ക് മുതൽ ബിസിനസ് ഹോട്ടലുകൾക്ക് വരെ ഒയോ പ്രിയങ്കരമായി. അതിവേഗത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി ഒയോ മാറി. 2018 സെപ്റ്റംബർ ആകുമ്പോഴേക്കും കമ്പനിയുടെ ആസ്തി 8,000 കോടി രൂപയായി കുതിച്ചുയർന്നു. അങ്ങനെ 21-ാം വയസ്സിൽ റിതേഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി. ഒയോ റൂം രാജ്യത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു തുടങ്ങിയതോടെ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഒയോ റൂംസിൽ 650 കോടി രൂപയുടെ ഫണ്ടിംഗ് നടത്തി. ഗുർഗാവിൽ ഒരു ഹോട്ടലിൽ പരീക്ഷണം നടത്തിയാണ് റിതേഷ് ഇന്ന് 1 മില്ല്യണിലധികം റൂമുകളുള്ള ഒയോ റൂമിന്റെ ഉടമയാകുന്നത്.

ഇന്ത്യൻ ഹോട്ടൽ വിപണിയുടെ ചരിത്രത്തിൽ തന്നെ ഇത്രയധികം ഫ്രാഞ്ചൈസികൾ ഉള്ള മറ്റൊരു ബ്രാൻഡില്ല. ആദ്യ സംരംഭം പരാജയപ്പെട്ടത്തിന് ശേഷം ഒരു ഹോട്ടലിൽ 10 മാസം താമസിച്ച് ബ്രാൻഡിംഗ്, കസ്റ്റമർ എക്സ്പീരിയൻസ് എന്നിവയെല്ലാം എങ്ങനെ മെച്ചപ്പെടുത്തണമെന്ന് പഠിച്ചിട്ടാണ് റിതേഷ് ഒയോ ആരംഭിച്ചത്. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ അല്ല മറിച്ച് കഠിന പ്രയത്നവും, തോൽവി സമ്മതിക്കാത്ത മനസ്സുമാണ്  സംരംഭങ്ങളെ വിജയിപ്പിക്കുന്നതെന്ന് തെളിയിക്കുകയായിരുന്നു റിതേഷ്.