പ്രതിസന്ധികളെയും ദാരിദ്ര്യത്തെയും അധ്വാനം കൊണ്ടും ശുഭാപ്തി വിശ്വാസം കൊണ്ടും മറികടന്ന ആലപ്പുഴക്കാരന്റെ കഥയാണിത്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് മാറിയുടുക്കാൻ ഉടുപ്പില്ലാത്തതുകൊണ്ട് ഒറ്റ യൂണിഫോമിട്ട് സ്‌കൂളിൽ പോയിരുന്ന കുട്ടി. പത്താം ക്ലാസ്സ് വരെ അനന്തുവിന് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലായിരുന്നു. അസുഖങ്ങൾ കാരണം പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയ അച്ഛന്റെ കൂടെ ആശുപത്രിയിലായിരുന്നു +1 – +2 കാലത്തെ കൂടുതൽ സമയവും ചിലവഴിച്ചത്. അവിടെ വെച്ചാണ് എല്ലാവരും ബഹുമാനിക്കുന്ന ഒരു ഡോക്ടറാവണം എന്ന ആഗ്രഹം ഉടലെടുത്തത്. കഷ്ടപ്പെട്ട് പഠിച്ച് കേരള മെഡിക്കൽ എൻട്രൻസിൽ 91-ാം റാങ്ക് നേടി. കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി എല്ലാവരും തെരഞ്ഞെടുക്കുന്ന മെഡിക്കൽ കോളെജുകളിലെ അലോട്ട്മെൻ്റുകളിലെല്ലാം മുന്നിൽ വന്നിട്ടും തന്റെ നാട്ടിലെ മെഡിക്കൽ കോളെജിൽ തന്നെ അനന്തു അഡ്‌മിഷൻ എടുത്തു. 91-ാം റാങ്ക് വാങ്ങി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചേർന്ന മണ്ടൻ എന്ന് പോലും പലരും പറഞ്ഞു. എന്നാൽ എന്തിന് എന്ന ചോദ്യത്തിന് അവനൊരുപാട് ഉത്തരങ്ങളുണ്ടായിരുന്നു. അസുഖബാധിതനായ അച്ഛന്റെ ചികിത്സ, വീട്, അങ്ങനെ പലതും. എംബിബിഎസ് പഠനകാലത്ത് പല ഇൻസ്റ്റിറ്റ്യൂട്ടുകളിലും അനന്തു ട്യൂഷനെടുക്കാൻ പോയി. ക്ലാസ്സിലിരുന്ന് പഠിച്ചതിനേക്കാൾ കൂടുതൽ പഠിപ്പിക്കാനാണ് പോയതെന്ന് അനന്തു പറയുന്നു.അങ്ങനെ രാവും, പകലും പഠിപ്പിച്ച് സ്വരുക്കൂട്ടിയ പണം കൊണ്ട് 19-ാം വയസ്സിൽ സ്വന്തമായി വീടുവെച്ചു.
ഒരു ഡോക്ടറായിരുന്ന് ഒരു മുറിയിൽ 200 ഓളം രോഗികളെ നോക്കുന്ന ഒരാളായി മാറാതെ സാധാരണക്കാരായ വിദ്യാർഥികളെ പഠിപ്പിച്ച് ലക്ഷക്കണക്കിന് ഡോക്ടർമാരെ സൃഷ്ടിച്ച് അവരുടെ സേവനം സമൂഹത്തിന് ലഭ്യമാക്കണം. ഇതായിരുന്നു അനന്തുവിന്റെ സ്വപ്നം. ലക്ഷങ്ങളുടെ ചെലവില്ലാതെ ഏത് സാധാരണക്കാരനും പഠിക്കാവുന്ന ഒരു ലേണിംഗ് പ്ലാറ്റ്ഫോമുണ്ടാക്കലായിരുന്നു അടുത്ത ലക്ഷ്യം. സർജറി ക്ലാസ്സിലിരുന്ന് ഒരു സുഹൃത്താണ് സൈലം (XYLEM) എന്ന എന്ന പേര് നിർദ്ദേശിച്ചത്. അങ്ങനെ മെഡിക്കൽ- എഞ്ചിനീയറിംഗ് എൻട്രൻസ് രംഗത്തെ ആദ്യ മലയാളം ആപ്പ് പിറവിയെടുത്തു. കേരളത്തിലങ്ങോളമിങ്ങോളം ബിസിനസ് നെറ്റ്വര്‍ക്കുള്ള മുന്‍ നിര എജ്യുക്കേഷണല്‍ ബ്രാന്‍ഡാണ് ഇന്ന് ഡോ.അനന്തുവിന്റെ സൈലം. ഏകദേശം പതിനാല് ജില്ലകളിലും സെന്റർ ഉള്ള, 60,000 ത്തോളം കുട്ടികൾ പഠിക്കുന്ന, 15 ലക്ഷത്തോളം ആസ്പിരന്റ്സുള്ള 20 യുട്യൂബ് ചാനലുകളുള്ള, ആയിരത്തോളം ആളുകൾ ജോലി ചെയ്യുന്ന പ്ലാറ്റ്ഫോം.
ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി എത്തിയതാണ് സൈലം ലേണിംഗ് ആപ്പിൻ്റെ വളർച്ചയിലെ നിർണായക ഘടകങ്ങളിലൊന്ന്. കൊറോണക്കാലത്ത് ആർക്കും പിടികൊടുക്കാതെ വീട്ടിലിരുന്ന ശേഷമായിരുന്നു സൈലം ലേണിംഗ് ആപ്പുമായി മമ്മൂട്ടിയുടെ വരവ്. വമ്പൻ ബ്രാൻഡുകൾക്കൊപ്പം മാത്രം നിൽക്കുന്ന മെഗാസ്റ്റാർ, ഒരു സ്റ്റാർട്ടപ്പിൻ്റെ ഒഫീഷ്യൽ ബ്രാൻഡ് അംബാസഡറായി വന്നത് എല്ലാവരേയും അമ്പരിപ്പിച്ചു. പിന്നീടിങ്ങോട്ട് സൈലത്തിന് ഒരിടത്തും ഒരു പരിചയപ്പെടുത്തലിൻ്റേയും ആവശ്യം ഉണ്ടായിട്ടില്ല.
മെഡിക്കൽ- എഞ്ചിനീയറിംഗ് എൻട്രൻസ് ആപ്പായാണ് സൈലം തുടങ്ങിയതെങ്കിലും ഇന്ന് ഒരുപാട് വെർട്ടിക്കൽസ് ഈ കമ്പനിക്കുണ്ട്. വിവിധ കൊമേഴ്‌സ് കോഴ്സുകളും, കേരള പിഎസ്‌സി ടെസ്റ്റ് തയ്യാറെടുപ്പും ഇതിൽ ഉൾപ്പെടുന്നു. എട്ടാം ക്ലാസു മുതലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. 8, 9, 10 ക്ലാസുകളിലെ സൈലം സ്റ്റുഡന്റ്സിന് MBBS, IIT, IAS, CUET ഫൗണ്ടേഷൻ ഫ്രീയാണ്. ഒരുപാട് പേർക്ക് തൊഴിൽ നഷ്ടപ്പെട്ട സമയമായിരുന്നു കഴിഞ്ഞ കൊറോണക്കാലം. അക്കാലത്താണ് അഞ്ഞൂറിലധികം പേർക്ക് തൊഴിൽ നൽകിക്കൊണ്ടാണ് സൈലം ലേണിംഗ് ആപ്പ് കേരളത്തിൽ ആരംഭിച്ചത്. 2023 സാമ്പത്തിക വർഷത്തിൽ 150 കോടി രൂപയായിരുന്ന വരുമാനം 2024ൽ 300 കോടി രൂപയിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.