രാജ്യങ്ങൾ കീഴടക്കിയ യൂസഫ് അലി:റീട്ടെയിൽ വ്യവസായത്തിലെ ലുലു വിപ്ലവം

0
163

മുസലിയം വീട്ടിൽ അബ്ദുൾ ഖാദർ യൂസഫലി എന്ന എം.എ യൂസഫലി. ലോകത്തൊരിടത്തും ആമുഖം ആവശ്യമില്ലാത്ത മലയാളി. മലയാളികളുടെ അഭിമാനമായി മാറിയ ലോകപൗരൻ. ബോംബെയിൽനിന്ന് യുഎഇയിൽ എത്തി ഒരു പലചരക്കു കടയിൽനിന്ന് മൂന്നു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ ജീവിത കഥ ചരിത്രം തന്നെയാണ്. ദീർഘവീക്ഷണത്തിന്റെയും ധൈര്യത്തിന്റെയും അപാരമായ ആത്മവിശ്വാസത്തിന്റെയും ചരിത്രം.

ഒരു പുതുവർഷത്തലേന്നാണ് തൃശൂർ നാട്ടികയിലെ എം എ യൂസഫലി എന്ന പതിനെട്ടുകാരൻ യു.എ.ഇയിലെത്തിയത്. ബോംബെയിൽ നിന്ന് 7 ദിവസം നീണ്ട യാത്രയ്ക്കൊടുവിൽ 1973 ഡിസംബർ 31-ന് ‘ഡുംറ’ എന്ന കപ്പൽ ദുബായിലെ റാശിദ് തുറമുഖത്ത് നങ്കൂരമിട്ടു. ഗൾഫിന്റെയോ യു.എ.ഇയിയുടേയോ ഇന്നത്തെ പ്രതാപമോ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. മരുഭൂമിയിലൂടെ നീളുന്ന സാധാരണ റോഡുകളും ഇരുനില കെട്ടിടങ്ങളും മാത്രമുള്ള ഒരു സാധാരണ നാട്. രാജ്യതലസ്ഥാനമായ അബുദാബിയിൽ ബിസിനസ്സുകാരനായ കൊച്ചാപ്പൻ എം.കെ.അബ്ദുള്ളയുടെ സഹായിയായാണ് യൂസഫ് അലി ആദ്യമായി പ്രവാസിയായി എത്തുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ പിതാവ് നടത്തിയിരുന്ന പലചരക്ക് കടയിൽ സഹായിയായി നിന്ന ശേഷമായിരുന്നു പ്രവാസജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പ്. അതിവേഗം ബിസിനസ്സിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്ത യൂസഫലി വൈകാതെ ബിസിനസ് രംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തുറക്കാൻ ശ്രമം തുടങ്ങി. പല സാധനങ്ങൾ പലരിൽ നിന്ന് ശേഖരിച്ചായിരുന്നു കൊച്ചാപ്പയുടെ കച്ചവടം. സാധനങ്ങൾ ഉത്പാദകരിൽ നിന്ന് നേരിട്ട് വാങ്ങിയാലോ എന്നായി യൂസഫ് അലിയുടെ ചിന്ത. അന്ന് യു.എ.ഇയിലേക്കുളള വസ്തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു രീതി. എന്തുകൊണ്ട് ഇവ നേരിട്ട് ഇറക്കുമതി ചെയ്തു വിറ്റുകൂടാ എന്നു തോന്നിയ നിമിഷമാണ് ലുലുവിന്റെ ജനനം എന്നു പറയാം. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വഴി അന്വേഷിച്ചു പോയതോടെ പുതിയ ലോകം തുറന്നു തുടങ്ങി. അങ്ങനെ സാധനങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത് ഹോൾസെയിൽ ആയി വിതരണം ചെയ്യാൻ തീരുമാനിച്ചു. ബിസിനസ്സ് സാധ്യതകൾ തേടി യൂറോപ്യൻ രാജ്യങ്ങളിലേക്കും, സിംഗപ്പൂരിലേക്കും, ഓസ്ട്രേലിയയിലേക്കും സഞ്ചരിച്ചു. ഈ യാത്രകളിൽ ഒന്നിലാണ് എല്ലാ വസ്തുക്കളും ഒരിടത്ത് നിന്ന് വാങ്ങാൻ സാധിക്കുന്ന സൂപ്പർ മാർക്കറ്റ് എന്ന ആശയം കാണുന്നത്. അന്ന് യു.എ.ഇയിൽ സാധനങ്ങൾ വാങ്ങുന്നതിന് പല കടകൾ കയറി ഇറങ്ങണമായിരുന്നു. ഇതിനൊരു ബദലായി യു.എ.ഇയിൽ ആദ്യ സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഈ സംരംഭത്തിന് ലഭിച്ചത്. ഇതോടെ സൂപ്പർ മാർക്കറ്റുകൾ വിപുലീകരിച്ച് ഹൈപ്പർമാർക്കറ്റുകൾക്ക് തുടക്കം കുറിച്ചു. ലുലു ഇന്റർനാഷണലിന്റെയും ലുലുഗ്രൂപ്പിന്റെയും വളർച്ചയുടെ ആദ്യഘട്ടം ഇവിടെ തുടങ്ങുന്നു.

ഹൈപ്പർ മാർക്കറ്റുകളുമായി യൂസഫലി ലുലുവിന്റെ വ്യാപാര ശൃംഖലയ്ക്ക് തുടക്കമിട്ടത് എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായിരുന്നു. ഇതേ കാലത്താണ് ഗൾഫ് നാടുകളെ പിടിച്ചുകുലുക്കിയ ഗൾഫ് യുദ്ധം അരങ്ങേറുന്നത്. 1990 ഓഗസ്‌ത്‌ രണ്ട് മുതൽ 1991 ഫെബ്രുവരി 28 വരെ നീണ്ട ഗൾഫ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ എല്ലാ ഗൾഫ് നാടുകളിലും പ്രതിഫലിച്ചു. വാണിജ്യരംഗം തളർന്നു. ഗൾഫ് നാടുകൾ തമ്മിലുള്ള വ്യാപാരങ്ങളും കുറഞ്ഞു. ഗൾഫ് മേഖല ഇനി സുരക്ഷിതമായിരിക്കില്ല എന്ന് കരുതി നിരവധി സമ്പന്ന ബിസിനസ് ഗ്രൂപ്പുകൾ എല്ലാം അവസാനിപ്പിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു. യുദ്ധകാലത്ത് പലായനത്തിൽ മാത്രം മനസ്സു നട്ടവരിൽനിന്ന് മാറിച്ചിന്തിച്ച യൂസഫലി പക്ഷെ ഹൈപ്പർ മാർക്കറ്റുകളുമായി യു.എ.ഇയിൽ ചലനം സൃഷ്ടിക്കുകയായിരുന്നു.
ഉയർന്നുകൊണ്ടിരുന്ന സൂപ്പർമാർക്കറ്റ് അക്കാലത്ത് യുഎഇയുടെ രാഷ്ട്രപിതാവ് ശ്രദ്ധിച്ചു. ഉടമ യൂസഫലിയാണെന്നു മനസ്സിലാക്കി കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. ആ വിളി അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. യുഎഇ രാഷ്ട്രപിതാവ് ഷെയ്‌ഖ് സായിദിന്റെ കൊട്ടാരത്തിൽനിന്നു ക്ഷണം ലഭിച്ചപ്പോൾ പരിഭ്രമിച്ചെങ്കിലും യൂസഫലി പോയി. പ്രവാസികൾ നാടുവിടുമ്പോൾ എന്തുകൊണ്ട് അബുദാബിയിൽ സൂപ്പർമാർക്കറ്റ് തുടങ്ങുന്നു എന്നായിരുന്നു ഷെയ്‌ഖ് സായിദിന് അറിയേണ്ടിയിരുന്നത്.’ലോകത്തിലെ ഏറ്റവും ദാനശീലനായ അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കുന്നതിനാലും ദാനശീലരെ അല്ലാഹു ബുദ്ധിമുട്ടിക്കില്ലെന്നതിനാലും ഈ രാജ്യത്തിന് അപകടമൊന്നും വരില്ലെന്നായിരുന്നു യൂസഫലിയുടെ മറുപടി. ഷെയ്ഖ് സായിദിനെ സന്തുഷ്ടനാക്കുന്നതായിരുന്നു ഈ മറുപടി. ആ രാജ്യത്തിൽ യൂസഫ് അലി അത്രയധികം വിശ്വസിച്ചിരുന്നു.

യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും രാജകുടുംബങ്ങൾക്ക് ഒരു വിദേശിയുടെ ഈ സമീപനം വലിയ ആവേശമാണ് നൽകിയത്. യൂസഫലി എന്ന മലയാളിക്ക്, വ്യവസായിക്ക് ഇന്ന് ഗൾഫ് നാടുകളിലെ ഭരണാധികാരികൾ നൽകിവരുന്ന സ്നേഹത്തിനും ആദരവിനും അടിസ്ഥാനം പ്രതിസന്ധിഘട്ടത്തിൽ താൻ കുടിയേറിയ രാജ്യത്തോട് അദ്ദേഹം കാണിച്ച ആ പ്രതിബദ്ധത കൂടിയാണ്.


ഗൾഫ് നാടുകളിൽ തുടങ്ങി മലേഷ്യ, യു.കെ, ഈജിപ്ത്, കെനിയ, ഇൻഡൊനീഷ്യ ഉൾപ്പെടെ 42 രാജ്യങ്ങളിൽ ഇന്ന് ലുലുവിന്റെ സജീവ സാന്നിധ്യമുണ്ട്. GCC രാജ്യങ്ങളിൽ മാത്രം 200 ൽ അധികം വമ്പൻ ഹൈപ്പർ മാർക്കറ്റുകളാണ് ലുലുവിനുള്ളത്. 2006-ൽ തൃശൂരിൽ ആദ്യമായി ഒരു കൺവെൻഷൻ സെന്റർ തുടങ്ങിക്കൊണ്ടായിരുന്നു ഇന്ത്യയിലേക്കുള്ള ലുലുവിന്റെ വരവ്. പിന്നീട് 1200 കോടി രൂപ നിക്ഷേപത്തിൽ 2013 ൽ ഇന്ത്യയിലെ ആദ്യ ലുലു മാൾ കൊച്ചിയിൽ ആരംഭിച്ചു. ബെംഗളൂരുവിലും ലക്‌നൗവിലുമെല്ലാം കൂറ്റൻ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന യൂസഫലി കാശ്‌മീരിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, കയറ്റിറക്കുമതികൾ, വ്യാപാരവും വിതരണവും, ഷിപ്പിംഗ്, ട്രാവൽ ആന്റ് ടൂറിസം, ഐ.ടി എന്നിങ്ങനെ വിവിധ മേഖലകളിലായാണ് യൂസഫലിയുടെ ലുലു സാമ്രാജ്യം. ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയാണ് ഇന്ന് യൂസഫ് അലി. 2023 ലെ ഫോർബ്‌സ് പട്ടികയനുസരിച്ച് 6.9 ബില്യൻ ഡോളറിന്റെ ആസ്‌തിയുള്ള എം.എ. യൂസഫലി ഇന്ത്യക്കാരായ ധനികരിൽ 27-ാം സ്ഥാനത്താണ്.

ലുലു ഇന്റർനാഷനൽ എന്ന ബിസിനസ്സ് ഗ്രൂപ്പിന്റെ അധിപൻ മാത്രമല്ല ഇന്ന് യൂസഫലി. ജീവകാരുണ്യപ്രവർത്തനത്തിൽ ഇന്ന് യൂസഫലിയോളം മുന്നിട്ടുനിൽക്കുന്ന മറ്റൊരു മലയാളി ഇല്ല. വിദേശത്ത് കുടുങ്ങിപ്പോയ സാധാരണക്കാരന്റെ മോചനം മുതൽ കേരളത്തിൽ ക്ലേശമനുഭവിക്കുന്ന ആളുകളിലേക്ക് വരെ യൂസഫലിയുടെ സഹായഹസ്തം നീളുന്നു. 43 രാജ്യങ്ങളിൽ നിന്നുള്ള 65,000 ത്തോളം പേർക്കാണ് ഈ നാട്ടികക്കാരൻ തൊഴിൽ നൽകുന്നത്. ഒരു പ്രവാസി വ്യവസായിയുടെ ജീവിതകഥയ്ക്കൊപ്പം നന്മയുടെ കഥ കൂടിയാണ് യൂസഫലിയുടെ ജീവിതം.