അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ വലിയ ആശങ്കയുയർത്തി വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ. 2023ൻ്റെ അവസാന രണ്ട് പാദങ്ങളിൽ അഞ്ചിൽ ഒന്നെന്ന രീതിയിൽ വിദ്യാർത്ഥി വീസകൾ റദ്ദാക്കപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥി വീസകൾ റദ്ദ് ചെയ്യപ്പെട്ടതോടെ വിദ്യാർത്ഥി വീസ ഗ്രാന്റിൽ 20 ശതമാനത്തോളം കുറവുണ്ടായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ കുറവാണിത്. പുതിയ കുടിയേറ്റ നിയമത്തിൻ്റ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഡ്‌മിഷൻ വാഗ്ദാനങ്ങൾ പിൻവലിച്ചതാണ് ഇതിനു കാരണം.
പല കോഴ്‌സുകളും റദ്ദാക്കിയതോടെ നടപ്പ് സാമ്പത്തിക വർഷം മൊത്തം കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 3.75 ലക്ഷമായി കുറഞ്ഞു. വരും വർഷം ഇതിൽ 2.50 ലക്ഷത്തിൻ്റെ കൂടി കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ വിസകൾ ഇത്തരത്തിൽ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഓസ്ട്രലിയയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നേപ്പാൾ, പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളെയും വീസ റദ്ദാക്കൽ ബാധിക്കുന്നുണ്ട്.