ജീവിതത്തിൽ പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ. തന്റെ 65-ാം വയസ്സിൽ കൈയിൽ ആകെ ബാക്കിയുള്ള 99 ഡോളർ കൊണ്ട് ചിക്കൻ വാങ്ങി ഫ്രൈ ചെയ്ത് വിൽക്കാൻ തീരുമാനിക്കുന്നു. ആത്മഹത്യക്ക് മുമ്പുള്ള അവസാന ശ്രമം. എന്നാൽ ഇന്ന് ഈ ചിക്കൻ ഫ്രൈ ലോകപ്രശസ്തമാണ്. കെഎഫ്സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെൻ്റക്കി ഫ്രൈഡ് ചിക്കൻ ഇന്ന് ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ വിപണന ശൃംഖലയാണ്. സംരംഭം തുടങ്ങാൻ പ്രായം തടസ്സമല്ലെന്ന് തെളിയിച്ച, തിരസ്കാരങ്ങൾക്കൊടുവിൽ അവസരങ്ങൾ തെളിയുമെന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന കേണൽ ഹാർലൻഡ് സാൻഡേർസിന്റെ കഥയാണിത്.
1890 സെപ്റ്റംബർ 9 ന് അമേരിക്കയിലെ ഹെൻറിവില്ലെയിലായിരുന്നു ഹാർലൻഡ് സാൻഡേർസിന്റെ ജനനം. അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പത്താമത്തെ വയസ് മുതൽ തന്റ സഹോദരങ്ങൾക്ക് ആഹാരം കണ്ടെത്താനായി കൃഷിയിടങ്ങളിൽ പണിയെടുത്തു. പട്ടിണി മൂലം പതിനാറാമത്തെ വയസ്സിൽ സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീടങ്ങോട്ട് കഷ്‌ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു. വിവിധങ്ങളായ തൊഴിലുകളെടുത്തു. കുറേക്കാലം ബസ് കണ്ടക്ടറായും ഇൻഷുറൻസ് ഏജന്റ്റായും ഹോട്ടൽ ക്ലാർക്കായും ക്ലീനറായുമൊക്കെ പണിയെടുത്തു. ഇതിനിടെ 17-ാം വയസ്സിൽ വിവാഹിതനായി. 18-ാം വയസ്സിൽ അച്ഛനും. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം വരുമാനമില്ലാത്ത ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ അവരുടെ വഴിക്ക് പോയി. അതോടെ ദാമ്പത്യ ജീവിതം അവസാനിച്ചു.
ചെറുപ്പം മുതൽക്കേ എന്തെങ്കിലും സംരംഭം തുടങ്ങി വിജയിപ്പിക്കണമെന്ന് സാൻഡേർസിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സംരംഭകൻ എന്ന നിലയിൽ തുടങ്ങിവച്ച പല പദ്ധതികളും ആഗ്രഹിച്ചത് പോലെ വിജയിച്ചില്ല. എണ്ണവിളക്കുകൾ നിർമിക്കുന്ന ഒരു കമ്പനി ആരംഭിച്ചു. എന്നാൽ വൈദ്യുത വിളക്കുകൾ വ്യാപകമായതോടെ നല്ല നിലയിൽ പ്രവർത്തിച്ചുവന്ന കമ്പനി നഷ്‌ടത്തിലായി. പിന്നീട് സ്‌റ്റാൻഡേർഡ് ഓയിൽ കമ്പനികളുടെ സർവീസ് സ്‌റ്റേഷൻ ആരംഭിച്ചു. സാമ്പത്തിക മാന്ദ്യ കാലത്ത് അതും നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. പിന്നീട് ഷെൽ ഓയിൽ കമ്പനിയുടെ സർവീസ് സ്റ്റേഷനും അതിനോടനുബന്ധമായി ഹോട്ടലും ആരംഭിച്ചു. മികച്ച കച്ചവടം നടന്നു വരവേയാണ് ഹൈവേ വികസനത്തിന്റെ ഭാഗമായി സ്‌ഥാപനം പൊളിച്ചു നീക്കേണ്ടിവന്നത്.
പലതും ചെയ്ത് അക്ഷരാർഥത്തിൽ ദരിദ്രനായിരിക്കുന്ന അവസ്‌ഥയിലും അദ്ദേഹം പുതിയ സംരംഭങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ഹോട്ടലിൽ ക്ലീനറായി ജോലിക്ക് കയറി. വർഷങ്ങളോളം ക്ലീനറായി ജോലി ചെയ്ത അദ്ദേഹത്തിന് സപ്പ്ളയറായി കയറ്റം കിട്ടി. അടുക്കളയിൽ പ്രവേശനം ലഭിച്ച സാൻഡേർസ് വിവിധ ഡിഷുകൾ പരീക്ഷിച്ചു. ചിക്കന്റെ തന്നെ വ്യത്യസ്ത രുചിക്കൂട്ടുകൾ സൃഷ്ടിച്ചു. വർഷങ്ങൾ കടന്നുപോയി. സാൻഡേർസിന് 65 വയസ്സായപ്പോൾ ഹോട്ടലിലെ ജോലി നഷ്ടമായി. ഇത്രയും പ്രായമുള്ള സാൻഡേർസ് തങ്ങൾക്ക് ബാധ്യത ആകുമോ എന്ന് അവർ ചിന്തിച്ചിരിക്കാം. ആകെ 99 ഡോളറായിരുന്നു ആ സമയത്ത് സാൻഡേർസിന്റെ കൈവശം ഉണ്ടായിരുന്നത്. മുന്നിൽ ഒരു വഴിയും കാണാതിരുന്ന സാൻഡേർസ് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചു. എന്നാൽ വിവിധ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ തനിക്ക് ലഭിച്ചിരുന്ന സന്തോഷത്തേക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. അങ്ങനെ തന്റെ കൈയിലുള്ള പണം കൊണ്ട് വ്യത്യസ്ത ചിക്കൻ ഫ്രൈകൾ നൽകുന്ന ഒരു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. എന്നാൽ അത് വിജയിച്ചില്ല. പിന്നീട് ചിക്കൻ ഫ്രൈ ഉണ്ടാക്കി വീടുകൾ കയറി വിൽക്കാൻ തുടങ്ങി. ഈ രീതിയോട് ആളുകൾക്ക് താത്പര്യം ഇല്ലായിരുന്നു. അങ്ങനെയാണ് റെസ്റ്റോറന്റുകളിൽ വെച്ച് തന്റെ ചിക്കൻ ഫ്രൈ വിൽക്കാൻ അദ്ദേഹം തീരുമാനിച്ചത്.
രണ്ടു വർഷം സ്വന്തം കാറിൽ കിടന്നുറങ്ങി ആയിരത്തിലേറെ റെസ്റ്റോറന്റുകളെ സമീപിച്ച് ഒടുവിൽ തൻ്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. പക്ഷെ അപ്പോഴും ചിക്കൻ ഫ്രൈ വിറ്റുപോയാൽ മാത്രമായിരുന്നു അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചിരുന്നത്. പല ആളുകളുടെ കൈയിൽ നിന്ന് പണം വാങ്ങി സാൻഡേർസ് ചിക്കൻ ഫ്രൈ ഉണ്ടാക്കി രാവിലെ റെസ്റ്റോറന്റുകളിൽ കൊണ്ട് വെച്ചു. വൈകിട്ട് ചെന്ന് വിറ്റുപോയതിന്റെ പൈസ വാങ്ങി, ബാക്കി വന്ന ചിക്കൻ കുഴിച്ചുമൂടി. ക്രമേണ ബാക്കി വരുന്ന ചിക്കൻ കുറഞ്ഞുവന്നു. റെസ്റ്റോറന്റുകൾ ചിക്കന് വേണ്ടി സാൻഡേർസിനെ അന്വേഷിച്ചെത്തി. ആവശ്യക്കാർ കൂടിയതോടെ സാൻഡേർസ് അമേരിക്കയിലെ കെന്റക്കി ആസ്ഥാനമാക്കി ഫ്രൈഡ് ചിക്കൻ വിൽക്കാൻ ആരംഭിച്ചു. അങ്ങനെയാണ് കെന്റക്കി ഫ്രൈഡ് ചിക്കൻ/കെഎഫ്‌സിയുടെ തുടക്കം. കെഎഫ്‌സി പിന്നീട് ചരിത്രത്തിൻ്റെ ഭാഗമായി. 147 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഈ വൻ വ്യവസായ സാമ്രാജ്യത്തിന് ഇന്ന് 25,000 ത്തിൽ അധികം ഔട്ട്ലെറ്റുകളുണ്ട്.
‘നിങ്ങൾക്ക് സാധിക്കുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുക, അതും ഏറ്റവും ഭംഗിയായി. നിങ്ങൾക്ക് ഈ ലോകത്ത് എന്തെങ്കിലും ആയിത്തീരണമെങ്കിൽ അതുമാത്രമാണ് ഒരേ ഒരു വഴി’. 65-ാം വയസ്സിൽ സംരംഭം കെട്ടിപ്പടുത്ത കേണൽ സാൻഡേർസിന്റെ വാക്കുകളാണിവ. കേണൽ എന്നത് കെന്റക്കി മേയർ നൽകിയ ഒരു ബഹുമതി നാമമാണ്. താൻ തുടക്കം കുറിച്ച സ്‌ഥാപനത്തിന്റെ വിജയ വഴികളിലുടെ ഇരുപതു വർഷം കുടി സഞ്ചരിച്ച സാൻഡേർസ് തൊണ്ണൂറാമത്തെ വയസ്സിലാണ് അന്തരിക്കുന്നത്. ഇന്നും കെഎഫ്സസിയുടെ ലോഗോയിൽ അദ്ദേഹത്തിൻ്റെ ചിത്രമാണ് നിറഞ്ഞു നിൽക്കുന്നത്. പലപ്പോഴും വീണുപോയിട്ടും ജീവിതത്തിൽ പിടിച്ചുകയറാൻ സാൻഡേർസ് കാണിച്ച അസാമാന്യമായ തന്റേടവും ഇച്ഛാശക്തിയുമാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്.