‘എനിക്ക് ബിഎംഡബ്ല്യു വാങ്ങാന്‍ വേണ്ടിയല്ല ഞാന്‍ കമ്പനി തുടങ്ങിയത്. എല്ലാവര്‍ക്കും (ജീവനക്കാര്‍ക്ക്) അത് വാങ്ങാനാണ്.’ ഒരു സുപ്രഭാതത്തിൽ തന്റെ 500 ഓളം ജീവനക്കാരെ ഒറ്റയടിക്ക് കോടീശ്വരൻമാരാക്കി ബിസിനസ് ലോകത്തെ അമ്പരപ്പിച്ച ഗിരീഷ് കമ്പനി ആരംഭിച്ച സമയം മുതൽ പറയുന്ന കാര്യമാണിത്. ബിസിനസ് സോഫ്റ്റ് വെയർ സ്ഥാപനമായ ഫ്രഷ് വർക്ക്‌സ് ഇങ്കിന്റെ സ്ഥാപകനും സിഇഒയുമായ ഗിരീഷ് മാതൃഭൂതത്തിന്റെ കഥയാണിത്.
1974 മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ ട്രിച്ചി പട്ടണത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഗിരീഷ് ജനിച്ചത്. കാംബിയന്‍ ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. അച്ഛന്‍ ഒരു ബാങ്ക് ജീവനക്കാരനായിരുന്നു. ഗിരീഷിന് 7 വയസ്സുള്ളപ്പോള്‍ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം അച്ഛന്‍ പുനര്‍വിവാഹം ചെയ്തു. ഇത് ഗിരീഷിനെ വല്ലാതെ ബാധിച്ചു. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി ജീവിക്കണമെന്ന ചിന്തയായി. ഇത് ഗിരീഷിന്റെ പഠിത്തത്തെയും ബാധിച്ചു. പൊതുവെ പഠിക്കാന്‍ പുറകോട്ടായിരുന്ന ഗിരീഷിനെ ബന്ധുക്കള്‍ നിരന്തരം അപമാനിച്ചു. പ്ലസ് ടുവിനും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലും മോശം പ്രകടനം നടത്തിയ ഗിരീഷിനെ ബന്ധുക്കള്‍ വിമര്‍ശിച്ചത്, ‘നിന്നെ എന്തിനു കൊള്ളാം, റിക്ഷ വലിക്കാനല്ലാതെ’ എന്ന് പറഞ്ഞാണ്.
എന്നാല്‍ ഈ കുത്തുവാക്കുകളും, പുച്ഛവുമെല്ലാം ഗിരീഷ് മുന്നേറാനുള്ള ഊന്നുവടികളാക്കി. അങ്ങനെ സ്വന്തം രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കാനുള്ള ഒരു വൈദഗ്ദ്ധ്യം ഉണ്ടാക്കി എടുത്തു. തുടര്‍ന്ന് ഷണ്‍മുഖ ആര്‍ട്‌സ്, സയന്‍സ്, ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച് അക്കാദമിയില്‍ നിന്ന് ബി.ഇ – ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് തന്നെ മാര്‍ക്കറ്റിംഗില്‍ എംബിഎയും എടുത്തു. കടം വാങ്ങിയാണ് ഗിരീഷ് പഠനം പൂർത്തിയാക്കിയത്. ഇതിനിടെ ജാവയും പഠിച്ചു. ശേഷം ചില ചെറിയ ജോലികള്‍ ചെയ്തിരുന്ന ഗിരീഷ് ഒരു ജാവ പരിശീലന സ്ഥാപനം തുടങ്ങി. പക്ഷേ ഈ സംരംഭം അധികനാള്‍ നീണ്ടുനിന്നില്ല. പിന്നീട് എച്ച്‌സിഎല്ലില്‍ ജോലിയിൽ ചേർന്ന ഗിരീഷ് അമേരിക്കയിലേക്ക് പോയി. അവിടെ ഒരു വര്‍ഷം താമസിച്ചു. 2001 ല്‍ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയില്‍ ഒരു പരിശീലന കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആ ശ്രമവും പരാജയപ്പെട്ടു.
പിന്നീടാണ് സോഹോ കോര്‍പ്പറേഷനില്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടറായി നിയമിതനാവുന്നത്. രണ്ടുവര്‍ഷത്തിന് ശേഷം, കമ്പനിയില്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റായി. സോഹോയില്‍ നല്ല ശമ്പളവും സൗകര്യപ്രദവുമായ ജോലിയുമായി ഒമ്പതു വര്‍ഷം പിന്നിടുമ്പോഴാണ്, ഒരു വെബ്സൈറ്റിലെ ഒരു അഭിപ്രായം ഗിരീഷിനെ പുതിയ ഐടി ഹെല്‍പ്ഡെസ്‌ക് ഉല്‍പ്പന്നം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചത്. 2010 ല്‍, ചെന്നൈയിലെ ഒരു 700 അടി വെയര്‍ഹൗസിലാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഷാന്‍ കൃഷ്ണസാമിക്കൊപ്പം അദ്ദേഹം ഫ്രെഷ് ഡെസ്‌ക് ആരംഭിച്ചത്. 2017 ജൂണില്‍ കമ്പനി ഫ്രെഷ് വര്‍ക്ക്‌സ് എന്ന് പേരു മാറ്റി.
2019ൽ യു.എസ് വിപണികളില്‍ കമ്പനിയെ ലിസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ മാതൃഭൂതം അമേരിക്കയിലേക്ക് പറന്നു. അവിടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതിന്റെ ഭാഗമായി 2021ല്‍ 30 കോടി ഡോളറിന്റെ ശരാശരി വാര്‍ഷിക വരുമാനം കൈവരിച്ചു. 2021 ൽ ഓഹരികള്‍ വിപണികളില്‍ ലിസ്റ്റ് ചെയ്തു. നാസ്ഡാകില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ കമ്പനി ജീവനക്കാര്‍ക്കും ഓഹരികള്‍ നല്‍കിയിരുന്നു. അധികം വൈകാതെ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. അങ്ങനെ കമ്പനിയുടെ 500 ജീവനക്കാരും കോടീശ്വരന്മാരായി മാറി. അതില്‍ മിക്കവരുടെയും പ്രായം 30 വയസില്‍ താഴെയായിരുന്നു.
വെറു എട്ടുവര്‍ഷംകൊണ്ട് കമ്പനിയുടെ വരുമാനം പൂജ്യത്തില്‍നിന്നു 10 കോടി ഡോളറിലെത്തി. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ വരുമാനം 20 കോടി ഡോളറിലേക്കും വളര്‍ന്നു. യു.എസിലെ കാലിഫോര്‍ണിയ ആസ്ഥാനമായാണ് കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇന്ത്യ, ഓസ്‌ട്രേലിയ, യു.കെ, ജര്‍മ്മനി എന്നിവിടങ്ങളിലും ശാഖകളുണ്ട്. 50,000ത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയുടെ നിലവിലെ വരുമാനം 596.4 മില്ല്യൺ ഡോളറാണ്.
കുടുംബത്തെ വളരെയധിക ഇഷ്ടപ്പെടുന്ന ഗിരീഷ് കമ്പനിയേയും ജീവനക്കാരെയും കുടുംബമായി തന്നെയാണ് കാണുന്നത്. കമ്പനിയിലെ 76 ശതമാനം ജീവനക്കാരും കമ്പനിയുടെ ഓഹരിയുടമകളുമാണ്. ഇതാണ് ഒറ്റ ദിവസം കൊണ്ട് 500 ഇന്ത്യന്‍ ജീവനക്കാര്‍ കോടീശ്വരന്‍മാരാകാനുള്ള കാരണവും. എളിയ രീതിയില്‍ തുടങ്ങിയ ഗിരീഷ് സ്വന്തം കഠിനാധ്വാനത്തിലൂടെയും സര്‍ഗ്ഗാത്മകതയിലൂടെയും നേട്ടങ്ങള്‍ കൈവരിക്കുകയായിരുന്നു.