അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം മെക്‌സിക്കോയിൽ നിന്നു ടെക്‌സാസിലേക്കു കുടിയേറിയ ബാലൻ. 1.851 ട്രില്ല്യൺ ഡോളർ മൂല്യമുള്ള ആമസോൺ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ സ്‌ഥാപകൻ. വ്യവസായി എന്നതിനു പുറമേ നൂതനമായ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ വിസ്‌മയിപ്പിക്കുകയും പരീക്ഷണങ്ങൾ വഴി മുൻനിരകമ്പനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ബെസോസിന്റെ കഥയാണിത്.
1964 ജനുവരി 12ന് ജാക്കലിന്റെയും ടെഡ് ജോർഗെൻസന്റെയും മകനായി ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിയിലായിരുന്നു ജെഫിന്റെ ജനനം. ജെഫ് പിറക്കുമ്പോൾ 17 വയസ്സ് മാത്രമായിരുന്നു അമ്മയുടെ പ്രായം. ജെഫിനു രണ്ടു വയസ്സുള്ളപ്പോൾ അച്‌ഛനും അമ്മയും ബന്ധംപിരിഞ്ഞു. ക്യുബയിൽ നിന്ന് അമേരിക്കയിലെത്തി സ്‌ഥിരതാമസമാക്കിയ മിഗുവേൽ ബെസോസിനെ അമ്മ വിവാഹം കഴിച്ചതോടെ ജെഫ് അമേരിക്കയിലെത്തി. കഠിനാധ്വാനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും മൂല്യങ്ങൾ കുഞ്ഞു ജെഫിന് പകർന്നു നൽകിയത് വളർത്തു പിതാവ് മിഗുവേൽ ബെസോസായിരുന്നു. ജെഫിന് മെക്കാനിക്സിലും, യന്ത്രങ്ങളോട് പ്രത്യേകിച്ച് കമ്പ്യൂട്ടറുകളോട് പ്രത്യേക ഇഷ്ടമുണ്ടായതിലും രണ്ടാനച്ഛന്റെ വലിയ സ്വാധീനമുണ്ടായിരുന്നു.
പ്രായം 30. ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെ കുറിച്ചു ലോകം തിരിച്ചറിയുന്നതിനും വളരെ മുൻപു 1994ൽ ജെഫ് ആമസോണിന് രൂപം നൽകി. പ്രിൻസ്‌റ്റൺ സർവകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴിൽ പരിചയത്തിനും ശേഷമായിരുന്നു സ്വന്തമായി സംരംഭം തുടങ്ങിയത്. ഓൺലൈനായി പുസ്തകങ്ങളുടെ വിൽപന നടത്തിക്കൊണ്ടായിരുന്നു ആമസോണിന്റെ തുടക്കം.
സിയാറ്റിലിലെ ഒരു ചെറിയ ഗാരേജ് ആയിരുന്നു ആദ്യ ഓഫീസ്. കഡാബ്ര.കോം എന്നായിരുന്നു കമ്പനിയുടെ ആദ്യ പേര്. പിന്നീടു ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിൻ്റെ പേരു സ്വീകരിച്ചു. പുസ്കത്തിൽ തുടങ്ങി പിന്നീട് വിവിധ മേഖലകളിലേക്കും ഉത്പന്നങ്ങളിലേക്കും വൈവിധ്യവത്ക്കരിച്ച ആമസോൺ 1996ൽ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യപ്പെട്ടു.
മത്സരരംഗത്തുള്ള ചെറിയ കമ്പനികളെ ഏറ്റെടുത്തും പുതിയ സാങ്കേതിക വിദ്യയിലും നവീന സംരംഭങ്ങളിലും നിക്ഷേപിച്ചും കമ്പനി വളർന്നു. ഓൺലൈൻ റീട്ടെയിൽ വിൽപന രംഗത്തു പുതിയൊരു വിജയഗാഥ തന്നെ ആമസോൺ രചിച്ചു. കൂടുതൽ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കാനും ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ചു ചിന്തിക്കാനും തുടങ്ങിയതോടെ ജെഫിൻ്റെ ബിസിനസ് വളർന്നു. അമേരിക്കയിൽ തുടങ്ങി പിന്നെ ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളിലേക്കും ആമസോൺ പടർന്നു പന്തലിച്ചു.
പിന്നീട് പലതരം വ്യവസായങ്ങളിലും സംരംഭങ്ങളിലും ജെഫ് പരീക്ഷണം നടത്തി. വാർഷിക ഫീസ് നൽകി ഫ്രീ ഷിപ്പിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്ന ആമസോൺ പ്രൈം മെമ്പർഷിപ്പ് പോലുള്ള സംരംഭങ്ങൾ വൻ വിജയമായി. 2007ൽ ഇലക്ട്രോണിക് പുസ്‌തകവായനയ്ക്കായി കിൻഡിൽ പുറത്തിറക്കി. ഇതിനും ആരാധകരേറെ.
ടെക്‌സാസിലെ സിയറ ഡിയാബ്ലോ മലനിരകളിൽ നിർമ്മിക്കുന്ന 10,000 വർഷം അടിച്ചു കൊണ്ടിരിക്കുന്ന ക്ലോക്കിൻ്റെ നിർമ്മാണ പദ്ധതിയിൽ ജെഫ് നിക്ഷേപം നടത്തിയത് കൗതുകമുണർത്തിയ വാർത്തയായിരുന്നു. അപ്പോളോ 11നെ ചന്ദ്രനിലെത്തിച്ച പേടകത്തിൻ്റെ എൻജിനുകൾ കടലിൻ്റെ അടിത്തട്ടിൽ നിന്നു വീണ്ടെടുക്കുന്ന എഫ്-1 എൻജിൻ റിട്രീവൽ പദ്ധതിയാണു ജെഫിൻ്റെ മറ്റൊരു കൗതുക നിക്ഷേപം. 2015ൽ ബഹിരാകാശത്തേക്കു പരീക്ഷണപറക്കലുകൾ ആരംഭിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ സ്‌ഥാപകനും ജെഫ് ബെസോസ് തന്നെ. ബഹിരാകാശത്തു ഹോട്ടലുകളും അമ്യൂസ്മെന്റ്റ് പാർക്കും കോളനികളും ചെറുനഗരങ്ങളും സ്‌ഥാപിക്കുകയെന്ന ജെഫിൻ്റെ സ്വപ്‌നത്തിന് അന്തിമരൂപം നൽകുകയാണ് ബ്ലൂ ഒറിജിൻ കമ്പനി.
2021-ൽ, ആമസോണിൻ്റെ സിഇഒ സ്ഥാനത്ത് നിന്ന് ബെസോസ് പടിയിറങ്ങി. തൻ്റെ ബിസിനസ്സ് ശ്രമങ്ങൾക്കപ്പുറം, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബെസോസ് എർത്ത് ഫണ്ട് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്തനാണ്. ബെസോസിൻ്റെ വിജയഗാഥ ചില്ലറവ്യാപാര മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, അചഞ്ചലമായ നിശ്ചയദാർഢ്യത്തിൻ്റെയും വിപ്ലവാത്മകമായ ചിന്താഗതിയുടെയും ശക്തി തെളിയിക്കുന്നതും കൂടിയാണ്.