ഒരു സാധാരണ പച്ചക്കറിക്കടയിൽ നിന്ന് സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ ഭീമനായി വളർന്ന കമ്പനി. ഇത് സാംസങിന്റെ വളർച്ചയുടെ കഥയാണ്. സാംസങിനെ വളർത്തിയ ലീയുടെയും.
1910 ൽ ജപ്പാൻ അധിനിവേശ കൊറിയയിലായിരുന്നു ലീ ബ്യുങ്-ചുളിന്റെ ജനനം. കേട്ടുശീലിച്ച കഥകളിലെ പോലെ സാധാരണ ദരിദ്ര കുടുംബത്തിലായിരുന്നില്ല ലീ ജനിച്ചത്. കൊറിയയിലെ പ്രഭു കുടുംബത്തിൽ ജനിച്ചതുകൊണ്ട് തന്നെ കൊളോണിയൽ ഭരണ കാലത്തും അദ്ദേഹത്തിനും കുടുംബത്തിനും വലിയ കഷ്ടപ്പാടൊന്നും സഹിക്കേണ്ടി വന്നിരുന്നില്ല. നല്ല വിദ്യാഭ്യാസം ലഭിച്ച ലീ ഉന്നത വിദ്യാഭ്യാസത്തിനായി ടോക്കിയോയിലേക്കും പോയി. എന്നാൽ അത് പൂർത്തിയാക്കാതെ മടങ്ങിയെത്തി കുടുംബ സ്വത്ത് നോക്കിനടത്തി. അങ്ങനെയിരിക്കേ 1938-ൽ 30,000 വോൺ (ഏകദേശം 27 യുഎസ് ഡോളർ), മൂലധനത്തിൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ ലീ ഒരു വ്യാപാര കമ്പനി ആരംഭിച്ചു, സാംസങ് ട്രേഡിങ് കമ്പനി. മൂന്ന് നക്ഷത്രങ്ങൾ എന്നാണ് കൊറിയൻ ഭാഷയിൽ സാംസങ് എന്ന വാക്കിനർഥം. ഒരു സാധാരണ ഗ്രോസറി സ്റ്റോറായിരുന്ന സാംസങിൽ പച്ചക്കറികളും, ഉണക്ക മീനും, സ്വന്തമായി നിർമിച്ച നൂഡിൽസുമാണ് വിൽപ്പന നടത്തിയിരുന്നത്. തങ്ങളുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ ലീ അതീവ ശ്രദ്ധാലുവായിരുന്നു. 1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ലോകമെമ്പാടുമുള്ള പല ബിസിനസുകളും തകർന്നടിഞ്ഞപ്പോഴും സാംസങ് വളർന്നുകൊണ്ടേയിരുന്നു. കാരണം അവർ വിൽപ്പന നടത്തിയിരുന്നത് മനുഷ്യന്റെ പ്രാഥമിക ആവശ്യമായിരുന്ന ഭക്ഷ്യോത്പന്നങ്ങളായിരുന്നു. 1945 ൽ അവസാനിച്ച യുദ്ധത്തിൽ ജപ്പാൻ തോറ്റു. അങ്ങനെ കൊറിയ ജപ്പാനിൽ നിന്ന് സ്വതന്ത്രമായി.
1947-ൽ ലീ കമ്പനിയുടെ ആസ്ഥാനം ബുസാനിൽ നിന്ന് സിയോളിലേക്ക് മാറ്റി.എന്നാൽ 1950 ൽ കൊറിയൻ യുദ്ധം ആരംഭിച്ചതോടെ ബുസാനിലേക്ക് തന്നെ തിരികെ പോന്നു. പിന്നീടാണ് പല ബിസിനസ്സുകളിലേക്ക് വ്യാപിക്കാനുള്ള ശ്രമം ആരംഭിച്ചത്. അങ്ങനെ ലീ ടെക്സ്റ്റൈൽ ബിസിനസ്സിലേക്ക് ഇറങ്ങി. അക്കാലത്ത് കൊറിയയിലെ ഏറ്റവും വലിയ തുണി മില്ലും സ്ഥാപിച്ചു. പിന്നീട് ലീ ബുസാനിൽ ഒരു പഞ്ചസാര ശുദ്ധീകരണശാലയും ആരംഭിച്ചു. ഈ ആദ്യകാല വൈവിധ്യവൽക്കരണം പിന്നീട് സാംസങ്ങിൻ്റെ വിജയകരമായ വളർച്ചാ തന്ത്രമായി മാറി. ഇൻഷുറൻസ്, സെക്യൂരിറ്റികൾ, റീട്ടെയിൽ ബിസിനസുകൾ എന്നിവയിലേക്കും സാംസങ്ങ് അതിവേഗം വ്യാപിച്ചു. യുദ്ധാനന്തരം, കൊറിയയുടെ പുനർവികസനത്തിൽ, പ്രത്യേകിച്ച് വ്യവസായവൽക്കരണത്തിൽ സാംസങ് ശ്രദ്ധ കേന്ദ്രീകരിച്ചു.
1960 ലാണ്, സാംസങ് ഇലക്ട്രോണിക്സ് വ്യവസായത്തിലേക്ക് പ്രവേശിച്ചത്. സാംസങ്-സാൻയോ പങ്കാളിത്തത്തിൽ ടിവികൾ, മൈക്രോവേവ്, മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം ആരംഭിച്ചു. അങ്ങനെ 1970-ൽ, സാംസങ്-സാൻയോ തങ്ങളുടെ ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവികൾ പുറത്തിറക്കി. ഈ കാലയളവിൽ കപ്പൽനിർമ്മാണം, പെട്രോകെമിക്കൽസ്, എയർക്രാഫ്റ്റ് എഞ്ചിനുകൾ എന്നിവയിലേക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചു. അടുത്ത ഒരു പതിറ്റാണ്ടിൽ ട്രാൻസിസ്റ്റർ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവികൾ, കളർ ടിവികൾ, റഫ്രിജറേറ്ററുകൾ, ഇലക്ട്രിക് ഡെസ്ക് കാൽക്കുലേറ്ററുകൾ, എയർ കണ്ടീഷണറുകൾ എന്നിവയും സാംസങ് നിർമ്മിച്ചു. 1974 ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളിൽ ഒന്നായിരുന്നു സാംസങ് ഹെവി ഇൻഡസ്ട്രീസ്.
1980-ൽ ഹാംഗുക് ജിയോൻജ ടോങ്‌സിൻ വാങ്ങിക്കൊണ്ട് സാംസങ് ടെലികമ്മ്യൂണിക്കേഷൻ ഹാർഡ്‌വെയർ വ്യവസായത്തിലേക്ക് പ്രവേശിച്ചു. തുടക്കത്തിൽ ടെലിഫോൺ സ്വിച്ച് ബോർഡുകൾ നിർമ്മിച്ച സാംസങ് ടെലിഫോൺ, ഫാക്സ് സംവിധാനങ്ങളിലേക്ക് വ്യാപിച്ചു. അത് ഒടുവിൽ മൊബൈൽ ഫോൺ നിർമ്മാണത്തിലേക്ക് എത്തി. 1980-കളുടെ തുടക്കത്തിൽ, സാംസങ് ജർമ്മനി, പോർച്ചുഗൽ, ന്യൂയോർക്ക് എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു. 1983 ൽ കമ്പനി പേഴ്സണൽ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ തുടങ്ങി. 1984 ൽ സാംസങ്ങിൻ്റെ വിൽപ്പന ഒരു ട്രില്യണിലെത്തി. പിന്നീട് സാംസങ് ടോക്കിയോയിലേക്കും യുകെയിലേക്കും വികസിച്ചു. 256K DRAM-ൻ്റെ വൻതോതിലുള്ള ഉൽപ്പാദനത്തോടെ അർദ്ധചാലക നിർമ്മാണത്തിൽ തങ്ങളുടേതായ സ്ഥാനം പിടിച്ചു. 1987-ൽ, സ്ഥാപകൻ ലീ ബ്യൂങ്-ചുൾ അന്തരിച്ചതോടെ മകൻ ലീ കുൻ-ഹീ സാംസങ്ങിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.
2001-ൽ പുറത്തിറക്കിയ ആദ്യകാല ടച്ച് സ്‌ക്രീൻ പ്രോട്ടോടൈപ്പായ SPH-1300-മായി സാംസങ് ഫോൺ വിപണിയിൽ പ്രവേശിച്ചു. 2005-ൽ കമ്പനി ആദ്യത്തെ സംഭാഷണ-തിരിച്ചറിയൽ ഫോണും വികസിപ്പിച്ചെടുത്തു. മോട്ടറോള അടക്കിവാണിരുന്ന മൊബൈൽ ഫോൺ വിപണി പിടിച്ചെടുക്കാൻ സാംസങ് നന്നേ പണിപ്പെട്ടു. എന്നാൽ ക്ഷമയോടെ മുന്നോട്ടുപോയ സാംസങ് വിജയിക്കുക തന്നെ ചെയ്തു.
2000-ത്തിന്റെ അവസാനത്തിലും 2010-കളുടെ തുടക്കത്തിലും ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി സാങ്കേതികവിദ്യകൾ വികസിപ്പിച്ച കമ്പനികളെ സാംസങ് ഏറ്റെടുത്തു. 2011-ൽ സാംസങ് ഗാലക്‌സി എസ് II പുറത്തിറക്കി. 2012-ൽ ലോകത്തിലെ ഏറ്റവും ജനപ്രിയ സ്മാർട്ട്‌ഫോണുകളിലൊന്നായ ഗാലക്‌സി എസ് III പുറത്തിറക്കി. 2012-ൽ സാംസങ് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാവായി മാറി. ഇന്ന് സ്മാർട്ട് ഫോൺ നിർമ്മാണ രംഗത്തെ അതികായനാണ് സാംസങ്. ഐ ഫോണിനോട് കിടപിടിക്കുന്ന രീതിയിലാണ് സാംസങിന്റെ മാർക്കറ്റ് ഷെയർ. 74 ലിലധികം രാജ്യങ്ങളായി എൺപതിലധികം ബിസിനസ്സുകളാണ് സാംസങിനുള്ളത്. ലോകമെമ്പാടുമുള്ള 3 ലക്ഷത്തിലധികം ആളുകൾക്കാണ് സാംസങ് ജോലി നൽകുന്നത്. ബിസിനസ്സ് വളർത്തുന്നതിനൊപ്പം വൈവിധ്യവത്കരണത്തിലും ശ്രദ്ധ ചെലുത്തിയതാണ് സാംസങിന്റെ വിജയ രഹസ്യം.