ലോക വ്യവസായ ഭൂപടത്തിൽ ഇടം പിടിച്ച വിദ്യാഭ്യാസ സംരംഭകൻ:ഇത് റാന്നിക്കാരൻ സണ്ണി വർക്കിയുടെ കഥ

0
301

കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ്-12 വരെയുള്ള സ്കൂളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി, അതാണ് ജെംസ്(GEMS) എഡ്യൂക്കേഷൻ. ജെംസ് എഡ്യൂക്കേഷൻ്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ റാന്നിക്കാരന്റെ കഥയാണിത്.  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകൻ സണ്ണി വർക്കിയുടെ കഥ.

1957 ഏപ്രിൽ 9 ന് കേരളത്തിലെ റാന്നിയിലായിരുന്നു സണ്ണി വർക്കിയുടെ ജനനം. 1959 ല്‍ ദുബായിലേക്ക് കുടിയേറിയ സണ്ണിയുടെ അച്ഛനും അമ്മയും രാജകുടുബത്തിലെ അംഗങ്ങളെ മുതല്‍ സാധാരണക്കാരായ അറബികളെ വരെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. ദുബായില്‍ എണ്ണ കണ്ടുപിടിച്ചതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ആവശ്യക്കാര്‍ ഏറി. അങ്ങനെ സണ്ണിയുടെ മാതാപിതാക്കള്‍ 1968 ല്‍ ‘ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍’ സ്ഥാപിച്ചു. പഠന ശേഷം സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലാണ് സണ്ണി വർക്കി തൻ്റെ കരിയർ ആരംഭിച്ചത്. തുടർന്ന് അദ്ദേഹം ഒരു ചെറിയ വ്യാപാര സ്ഥാപനം തുറന്നു. ആതുരശുശ്രൂഷാ മേഖലയിലേക്കും ചുവടുവച്ചു.പക്ഷെ, മാതാപിതാക്കൾ ആരംഭിച്ച സ്കൂളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം എല്ലാ ബിസിനസ്സുകളുംഅവസിപ്പിച്ചു. 1980 ല്‍ കുടുംബ സ്‌കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതാണ് സണ്ണിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. ദുബായില്‍ പ്രവാസികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ അനുയോജ്യമായ സ്‌കൂള്‍ കണ്ടെത്തുന്നത്  വലിയ ബുദ്ധിമുട്ടുള്ള കാര്യമായി. ഗള്‍ഫ് മേഖലയിലെ വിദ്യാഭ്യാസ വിപണിയുടെ അനന്തസാധ്യത മനസിലാക്കിയ സണ്ണി ഓരോ രാജ്യക്കാര്‍ക്കും, അവര്‍ക്ക് ഇണങ്ങിയ പാഠ്യപദ്ധതി ഉള്‍പ്പെടുത്തി, സ്‌കൂളുകള്‍ ആരംഭിച്ചു. 

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും, തങ്ങളുടെ രീതിയിലുള്ള പാഠ്യക്രമവും പ്രവാസികളെ ഈ സ്‌കൂളിലേക്ക് ആകര്‍ഷിച്ചു. വിദേശ അദ്ധ്യാപകരെ നിയമിച്ചതും, ക്ലാസ്സ് റൂമില്‍ അത്യാധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കിയതും നേട്ടമായി. 2000-ൽ സണ്ണി ഗ്ലോബൽ എജ്യുക്കേഷൻ മാനേജ്മെൻ്റ് സിസ്റ്റംസ് (GEMS) സ്ഥാപിച്ചു. 2003 ൽ അദ്ദേഹം ഇംഗ്ലണ്ടിൽ ഒരു സ്‌കൂൾ തുറന്നു.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2004 ൽ അദ്ദേഹം ഇന്ത്യയിലും സ്കൂൾ തുറന്നു. ഉയർന്ന യോഗ്യതയുള്ള അദ്ധ്യാപകരുടെ ശൃംഖല, അന്താരാഷ്ട്ര നിലവാരം, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ ജെംസ് സ്‌കൂളിനെ ആഗോള വിദ്യാഭ്യാസ രംഗത്തെ വേറിട്ട മുഖമാക്കി. ജനങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് ഉള്ള സ്‌കൂളുകളാണ് ജെംസിന്റെ മുഖമുദ്ര. നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുവാനും എന്നാല്‍ ചെലവ് താങ്ങാനാവുന്ന തരത്തില്‍ ഇടത്തരം മുതല്‍ മുന്തിയ സ്‌കൂളുകള്‍ വരെ ജെംസ് നടത്തുന്നു. 

അദ്ധ്യാപകരെ സ്‌നേഹിക്കുന്ന സണ്ണി വര്‍ക്കി ജെംസ് എന്ന് ബ്രാന്‍ഡിനെ സ്വകാര്യ രംഗത്ത് ലോകത്തിലെ ഏറ്റവും കൂടുതല്‍ നേഴ്‌സറി മുതല്‍ പ്ലസ് ടു സ്‌കൂളുകള്‍ നടത്തുന്ന സ്ഥാപനമായി മാറ്റി. ജെംസ്‌ന്റെ 15 രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന 132 സ്‌കൂളുകളില്‍ ഏകദേശം 1,70,000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. യു എസ്, ചൈന, യു കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ജെംസിന് സാന്നിദ്ധ്യം ഉണ്ട്. ഫിലിപ്പൈൻസ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ സംവിധാനങ്ങള്‍ എങ്ങനെ ഫലപ്രദമായി നടത്തണം എന്ന് പോലും ജെംസ് അവിടുത്തെ സര്‍ക്കാരുകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുവേണ്ടി, നിരവധി ദേശീയ, അന്തര്‍ദേശീയ സംഘടനകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനോട് ഒപ്പം അദ്ദേഹം പലതരത്തിലുള്ള സാമൂഹിക സേവന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

2010 ല്ഡിസംബറിലാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വര്‍ക്കി ഫൌണ്ടേഷന്‍ സ്ഥാപിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റൺ ചെയര്‍മാന്‍ ആയ ഫൌണ്ടേഷന്‍ ജെംസ് സ്‌കൂളില്‍ ചേരുന്ന ഓരോ കുട്ടിക്കും അനുപാതമായി നൂറില്‍ അധികം നിര്‍ദ്ധന കുട്ടികള്‍ക്ക് പഠിക്കാനും, നൂതന വിദ്യാഭ്യാസ പദ്ധതികളില്‍ ഭാഗമാകാനും, ആഗോള നിലവാരത്തിലുള്ള അദ്ധ്യാപക പരീശീലന പരിപാടികള്‍, വ്യക്തിത്വ വികസന പദ്ധതികൾ എന്നിവയിലും അവസരം നല്‍കുന്നു. ദൃഢനിശ്ചയം, കഠിനാധ്വാനം, ആഗോള വിദ്യാഭ്യാസ മേഖലയെ പറ്റിയുള്ള കൃത്യമായ അറിവ്, വിദ്യാഭ്യാസ രംഗത്തോടുള്ള തീക്ഷണമായ താല്പര്യം എന്നിവ കൊണ്ടാണ് സണ്ണിക്ക് ഒരു വിദ്യാഭ്യാസ സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാനായത്.