സ്‌റ്റാർട്ടപ്പുകൾ തീരെ പരിചിതമല്ലായിരുന്ന കാലത്ത് സ്‌റ്റാർട്ടപ് തുടങ്ങി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്‌റ്റെബിലൈസറുകൾ നിർമ്മിച്ച് തുടങ്ങിയ സ്‌ഥാപനമായ വി-ഗാർഡ് ഇൻഡസ്ട്രീസ് ഇന്ന് കോടികൾ വിറ്റുവരവുള്ള കമ്പനിയാണ്. വി-ഗാർഡിന്റെ വളർച്ചയ്ക്കൊപ്പം ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങളും ആരംഭിച്ച് വളർന്ന വി-ഗാർഡ് ഗ്രൂപ്പിന് അമ്യൂസ്മെന്റ് പാർക്കും റിയൽ എസ്റ്റേറ്റും വസ്ത്ര നിർമാണ യൂണിറ്റും സ്വന്തമായുണ്ട്. ഒരു വിജയിച്ച ബിസിനസുകാരൻ എന്നതിലുപരി ജീവിച്ചിരിക്കുമ്പോൾ തന്നെ വൃക്ക ദാനം ചെയ്തും, തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണിക്കെതിരെ ശബ്ദമുയർത്തിയുമെല്ലാം വ്യത്യസ്തനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ കഥയാണിത്.
1977 ലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സംരംഭകന്റെ വേഷമണിയുന്നത്. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. മാസത്തില്‍ 850 രൂപ മാത്രമായിരുന്നു ശമ്പളം. സ്വന്തമായി എന്തെങ്കിലും ചെയ്യണം, ഇപ്പോൾ ലഭിക്കുന്നതിലും വരുമാനം ലഭിക്കണം എന്നീ ആഗ്രഹങ്ങൾ വർധിച്ചപ്പോൾ ജോലി രാജിവച്ചു. ബിസിനസ് തുടങ്ങണം എന്നു പറഞ്ഞപ്പോൾ വീട്ടുകാർ ആദ്യം പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. കാരണം അന്നു ബിസിനസ്സ് ചെയ്‌തു വിജയിച്ചവർ വളരെ കുറവായിരുന്നു. എന്നാൽ അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇലക്ട്രോണിക്‌സിലുള്ള അറിവും മൂന്ന് വർഷത്തെ തൊഴിൽ പരിചയവുമായിരുന്നു കൊച്ചൗസേപ്പിന്റെ മൂലധനം.
പിതാവില്‍ നിന്ന് 1 ലക്ഷം രൂപ കടം വാങ്ങിയാണ് വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ നിര്‍മാണ കമ്പനിയായ വി-ഗാര്‍ഡ് ആരംഭിക്കുന്നത്. കൊച്ചിയില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാടക ഷെഡ്ഡിലാണ് വി-ഗാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. 2 തൊഴിലാളികളുമായി നിര്‍മാണം തുടങ്ങിയ സ്ഥാപനം 1 വർഷം കൊണ്ട് 20 തൊഴിലാളികളിലേക്ക് വളർന്നു. തുടക്കത്തിൽ അദ്ദേഹം തന്നെയാണ് നിർമാണവും വിതരണവും മാർക്കറ്റിങ്ങുമെല്ലാം ചെയ്തിരുന്നത്. തുടക്ക കാലത്ത് പരസ്യം ചെയ്യാൻ പണം ഇല്ലായിരുന്നു. വോൾ പെയിന്റിംഗ് ആയിരുന്നു ആദ്യത്തെ പരസ്യ മാധ്യമം. പിന്നീട് ബിസിനസ് പച്ചപിടിച്ചതോടെ പത്രത്തിൽ പരസ്യം ചെയ്യാൻ തുടങ്ങി. പിന്നെ ടിവിയിൽ പരസ്യം കൊടുക്കാൻ തീരുമാനിച്ചു. അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ട പരസ്യത്തിന്റെ ജിംഗിൾ ഒരുക്കിയത് എ.ആർ റഹ്‌മാൻ ആയിരുന്നു.
വോള്‍ട്ടേജില്‍ നിന്നുള്ള സുരക്ഷ എന്ന അർഥത്തിലാണ് വി-ഗാർഡ് എന്ന പേര് കൊച്ചൗസേപ്പ് തിരഞ്ഞെടുത്തത്. വോൾട്ടേജ് പ്രശ്നം രൂക്ഷമായിരുന്ന ആ കാലത്ത് വി-ഗാർഡിന് വലിയ രീതിയിൽ ബിസിനസിൽ വളരാൻ സാധിച്ചു. ഉത്തരേന്ത്യൻ കമ്പനികളുമായി മത്സരിച്ച് വി-ഗാർഡ് സ്റ്റെബിലൈസർ വിപണി കീഴടക്കി. 1980-ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ചു. വളർച്ചയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് ടീമിനെയും ഡീലര്‍മാരെയും കൊണ്ടു വന്നു. വി-ഗാര്‍ഡ് ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് അദ്ദേഹം സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ ഉപയോഗപ്പെടുത്തി. 1986-ല്‍ വി-ഗാർഡ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. കമ്പനിക്ക് വലിയ ഉപഭോക്തൃ അടിത്തറ സൃഷ്ടിച്ചത് വാട്ടര്‍ പമ്പുകളുടെ നിര്‍മ്മാണമായിരുന്നു. വയറിങ് കേബിളുകള്‍, മോട്ടോറുകള്‍, വാട്ടര്‍ ഹീറ്ററുകള്‍, യുപിഎസ്, സീലിംഗ് ഫാനുകള്‍ എന്നിവയുടെ വിപുലമായ ഉത്പന്ന ശ്രേണി വി-ഗാർഡിനുണ്ട്.
വി-ഗാർഡിന്റെ വിജയത്തിന് പിന്നാലെയാണ് വീഗാലാൻഡ് ആരംഭിക്കുന്നത്. ഡിസ്‌നി ലാൻഡ്, സിംഗപ്പൂരിലെ യൂണിവേഴ്‌സൽ സ്‌റ്റുഡിയോ തുടങ്ങിയ അമ്യൂസ്മെന്റ് പാർക്കുകൾ സന്ദർശിച്ചപ്പോൾ തോന്നിയ കൗതുകത്തിൽ നിന്നാണ് വീഗാലാൻഡ് എന്ന ആശയം ഉദിച്ചത്. 2000ൽ 22 കോടി രൂപ മുതൽ മുടക്കിൽ ചെറിയ തോതിൽ ആരംഭിച്ച വീഗാലാൻഡ് അതിന്റെ മികവ് കൊണ്ട് കേരളത്തിൽ വിജയിച്ചു. 2009 തില്‍ ഇത് വണ്ടര്‍ല എന്ന പേരിലേക്ക് റീബ്രാൻഡ് ചെയ്തു. പിന്നീട് ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വണ്ടർലാ വ്യാപിച്ചു. മൂത്തമകന്‍ അരുണ്‍ ചിറ്റിലപ്പിള്ളിയാണ് വണ്ടര്‍ലാ ഹോളിഡെയ്‌സിന്റെ മാനേജിംഗ് ഡയറക്ടർ. ഇളയമകന്‍ മിഥുന്‍ ചിറ്റിലപിള്ളിയാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എംഡി.
ഇതോടൊപ്പം വീഗാലന്‍ഡ് ഡെവലപ്പേഴ്സ് എന്ന റിയല്‍ എസ്‌റ്റേറ്റ് സംരംഭവും വീ സ്റ്റാര്‍ ക്രിയേഷൻസ് എന്ന ഗാർമെന്റ് സംരംഭവും കമ്പനിക്കുണ്ട്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് വീഗാലന്‍ഡ് ഡെവലപ്പേഴ്സിനെ നയിക്കുന്നത്. ഭാര്യ ഷീല ഗ്രേസ് കൊച്ചൗസേപ്പ് ആരംഭിച്ചതാണ് വീ സ്റ്റാര്‍ ക്രിയേഷൻസ്. 1995 ൽ ആരംഭിച്ച വീ സ്റ്റാറിന് ദക്ഷിണേന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. രാജ്യത്ത് 23 എക്സ്ക്യൂട്ടീവ് ബ്രാൻഡ് ഔട്ട്ലേറ്റുകളും ഇ-കോമേഴസ് സൗകര്യവും കമ്പനിക്കുണ്ട്.
വി-ഗാർഡ് ഉത്പന്നങ്ങളിലും കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് 47 വർഷങ്ങളായി തുടരുന്ന ബിസിനസിന്റെ അടിത്തറ. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ഏതൊരു ബിസിനസും പരുവപ്പെടുന്നത് കാലംനൽകുന്ന അനുഭവങ്ങളിലൂടെയാണ്. വൈദ്യുതി പ്രതിസന്ധിയും വോൾട്ടേജ് വ്യതിയാനവുമൊക്കെ സാധാരണമായിരുന്ന എഴുപതുകളിൽ അദ്ദേഹത്തിന് തോന്നിയ ഒരാശയമാണ് ഇന്ന് ആമുഖം വേണ്ടാത്ത ഒരു ബിസിനസ്സുകാരനായി അദ്ദേഹത്തെ മാറ്റിയത്.