നീല വള്ളിയുള്ള പാരഗൺ വള്ളിച്ചെരുപ്പുകൾ പണ്ട് എല്ലാ വീട്ടുമുറ്റത്തെയും നിത്യ കാഴ്ചയായിരുന്നു. ഇന്നും പാരഗണിന്റെ മോടിക്ക് ഒരു കുറവും വന്നിട്ടില്ല. ചെരുപ്പുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നെന്ന് മാത്രം. പി.വി. എബ്രഹാം, കെ.യു. തോമസ്, കെ.യു. സ്കറിയ എന്നിവർ ചേർന്ന് 1975-ലാണ് കോട്ടയത്തെ ഒരു ഗാരേജിൽ പ്രതിദിനം 1500 ജോഡികളുടെ ഉത്പ്പാദന ശേഷിയുള്ള പാരഗൺ ആരംഭിക്കുന്നത്. സ്വന്തം സംസ്ഥാനമായ കേരളത്തിൽ ജനപ്രീതി നേടിയ ശേഷം 1982-ൽ, പാരഗൺ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവേശിച്ചു.
ഇന്ന് 20-ലധികം ബ്രാൻഡുകൾ പാരഗണിൻ്റെ കുടക്കീഴിലുണ്ട്. സോളിയ, പാരഗൺ മാക്‌സ്, സ്റ്റിമുലസ്, പാരാലൈറ്റ്, ഫെൻഡർ, എസ്‌കൗട്ട്, വാക്കി, വെർട്ടെക്‌സ്, സ്‌കൂൾ ഷൂസ്, ഫ്ലാറ്റ് ലൈറ്റ്, പ്രിൻസസ്, സോനാർ, കാഷ്വൽ, ഡോളി, മെറിവ എന്നിവയാണ് ബ്രാൻഡുകളിൽ ചിലത്. സംഘടിത റബ്ബർ പാദരക്ഷ മേഖലയിൽ ഒന്നാമനായി കണക്കാക്കപ്പെടുന്ന പാരഗണിൻ്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പ്പാദന ശേഷി (ഇൻ-ഹൗസ്) 400,000 ജോഡികളാണ്. ഇൻ-ഹൗസ് പ്രൊഡക്ഷൻ കൂടാതെ, ബാംഗ്ലൂർ, കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിൽ പാദരക്ഷകളുടെ നിർമ്മാണം ഔട്ട് സോഴ്‌സും ചെയ്തിട്ടുണ്ട്. കോട്ടയം, ബാംഗ്ലൂർ, സേലം, ഹൈദരാബാദ് എന്നിവിടങ്ങളിൽ പാരഗണിന് അത്യാധുനിക ISO-9001 സർട്ടിഫൈഡ് ഫാക്ടറികളും ഉണ്ട്. മൊത്തം 13,70,00,000 ജോഡികളാണ് കമ്പനി ഓരോ വർഷവും ഏകദേശം വിൽക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകൾക്ക് ദീർഘകാലം നിലനിൽക്കുന്ന പാദരക്ഷകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് പാരഗൺ രാജ്യത്തെ ഒന്നാം നമ്പർ പാദരക്ഷ ബ്രാൻഡായി വളർന്നത്. തങ്ങളുടെ ജീവനക്കാരും വിതരണക്കാരുമാണ് പാരഗണിൻ്റെ ഏറ്റവും വലിയ ശക്തി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
റബ്ബർ പാദരക്ഷകൾ കമ്പനിയുടെ മുൻനിര ഉത്പ്പന്നമായി തുടരുമ്പോഴും, പോളി-യൂറീൻ (പിയു), പോളി വിനൈൽ ക്ലോറൈഡ് (പിവിസി), എഥിലീൻ-വിനൈൽ അസറ്റേറ്റ് (EVA), തെർമോ പ്ലാസ്റ്റിക് റബ്ബർ (TPR) സോളുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച മറ്റ് പാദരക്ഷകളും ഗുണനിലവാരത്തിൽ ഒട്ടും പിന്നിലല്ല. വിപണിയിലെ ഡിമാൻഡിന് അനുസരിച്ച് പുതിയ ഡിസൈനുകളും മോഡലുകളും സൃഷ്ടിക്കുന്നതിനായി ഒരു ഇൻ-ഹൗസ് ഫുട് വെയർ ഡിസൈൻ ടീമും പാരഗണിനുണ്ട്.കമ്പനി ഉത്പ്പാദിപ്പിക്കുന്ന റബ്ബർ പാദരക്ഷകൾ ബയോ ഡീഗ്രേഡബിൾ ആണെന്ന് മാത്രമല്ല, റീസൈക്കിൾ ചെയ്ത പേപ്പർ ഉപയോഗിച്ചാണ് പാക്കിംഗ് മെറ്റീരിയലും നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള പാദരക്ഷകൾ നിർമ്മിക്കുന്നതിനൊപ്പം, ഇന്ത്യയിലെ ഒന്നാം നമ്പർ പാദരക്ഷ കമ്പനിയായ പാരഗൺ ഗ്രൂപ്പ് സോളിഡ് ടയറുകളും സ്കൂൾ ബാഗുകളും നിർമ്മിക്കുന്നു. ട്രോളികൾക്കും ഫോർക്ക് ലിഫ്റ്റുകൾ പോലെയുള്ള മറ്റ് മെറ്റീരിയൽ മൂവ്മെൻ്റ് ഉപകരണങ്ങൾക്കുമായി പ്രത്യേകം നിർമ്മിക്കുന്നതാണ് സോളിഡ് ടയറുകൾ.
വിജയ യാത്രയ്ക്കിടയിൽ പാരഗണിന്റെ പരസ്യ ക്യാമ്പയിനുകൾ പ്രായഭേതമന്യേ ആളുകൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. പ്രിൻ്റ്, ടിവി, ഔട്ട്‌ഡോർ, റേഡിയോ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളിലൂടെയാണ് ആദ്യകാലത്ത് പരസ്യ ക്യാമ്പയിനുകൾ നടത്തിയിരുന്നത്. ‘പാരഗൺ മൈ സ്റ്റൈൽ’, ‘ശ്രദ്ധിക്കപ്പെടും’, ‘പാരഗൺ പെഹെൻ കെ ചലോ’, ‘ചൽതാ റഹേ’ തുടങ്ങിയ ടാഗ് ലൈനുകൾ ഉപഭോക്താക്കളെ വളരെയധികം ആകർഷിച്ചു. ‘ഓഫീസ് ചപ്പൽ’, ‘സ്‌കൂൾ ബൂട്ട്‌സ്’, ‘മൺസൂൺ ചെരുപ്പുകൾ’ തുടങ്ങി വിവിധ കാലാവസ്ഥയ്ക്കും അവസരങ്ങൾക്കും അനുയോജ്യമായ ചെരുപ്പുകൾ ടെലിവിഷൻ പരസ്യങ്ങളിലൂടെയും മറ്റും ആളുകളിലേക്കെത്തിച്ചു. സാമന്തയും, മഹേഷ് ബാബുവും, കിച്ച സുധീപും, ഹൃത്തിക്ക് റോഷനും പാരാഗണിന്റെ ബ്രാൻഡ് അംബാസഡർമാരായി എത്തി. ഇന്ന് രാജ്യത്തുടനീളം പാരഗൺ ചെരുപ്പുകൾ വിൽക്കപ്പെടുന്നു. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ആരംഭിച്ച പാരഗൺ ഇന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ബ്രാൻഡാണ്.