സാമ്പത്തിക പ്രതിസന്ധി:13 സബ്‌സിഡി ഇനങ്ങൾക്ക് വില കൂട്ടണമെന്ന് സപ്ലൈകോ

0
324

അരി ഉൾപ്പെടെയുള്ള 13 സബ്‌സിഡി സാധനങ്ങളുടെ വില ഉടൻ വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സപ്ലൈകോ. ഇതു സംബന്ധിച്ച് സപ്ലൈകോ സർക്കാരിന് കത്ത് നൽകി. 13 ഇനങ്ങളുടെ വില 7 വർഷമായി വർധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സപ്ലൈകോയുടെ നീക്കം. പൊതുവിപണിയിൽ 1,400 രൂപ വില വരുന്ന 13 ഇന സാധനങ്ങൾ 756 രൂപയ്ക്കാണ് സപ്ലൈകോയിൽ ലഭിക്കുന്നത്. ഇതു കൂടാതെ തേയില, വിവിധ കറിപ്പൊടികൾ തുടങ്ങിയവയും വില കുറച്ചു നൽകുന്നുണ്ട്.

വിതരണക്കാർക്ക് 600 കോടി രൂപയിലേറെ കുടിശിക ഇനത്തിൽ സപ്ലൈകോ നൽകാനുണ്ട്. അടിയന്തരമായി 500 കോടി രൂപ ലഭിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാനാകില്ലെന്നാണ് സപ്ലൈകോ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. മുൻകൂർ പണം നൽകാതെ സാധനങ്ങൾ ലഭ്യമാക്കാനാകില്ലെന്ന നിലപാടിലാണ് വിതരണക്കാരും. അതുകൊണ്ടു തന്നെ സപ്ലൈകോയുടെ പല വിൽപ്പന കേന്ദ്രങ്ങളിലും പല സാധനങ്ങളും സ്റ്റോക്കില്ല. സബ്സിഡിയുള്ള സാധനങ്ങൾക്കായാണ് കൂടുതൽ പേരും സപ്ലൈകോയെ ആശ്രയിക്കുന്നത്. സബ്സിഡി സാധനങ്ങളുടെ ലഭ്യത കുറഞ്ഞത് സപ്ലൈകോയുടെ മൊത്തം വിറ്റുവരവിനെ ബാധിക്കുന്നുണ്ട്.

2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 13 അവശ്യ വസ്തുക്കൾക്കും വില വർധിപ്പിച്ചിട്ടില്ല. എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് അവശ്യവസ്തുക്കളുടെ വില കൂട്ടില്ല എന്നുള്ളത്. മുൻപ് സപ്ലൈകോ വില വർധന ആവശ്യപ്പെട്ടപ്പോഴെല്ലാം സർക്കാർ അത് നിരാകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ 13 ഇനങ്ങളുടെ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് സപ്ലൈകോ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. വിപണി ഇടപെടലിന് പ്രതിവർഷം 300 കോടി രൂപയെങ്കിലും ചെലവഴിക്കേണ്ട സ്ഥാനത്ത് 140 കോടി മാത്രമാണ് നൽകുന്നതെന്നാണ് പരാതി.