സപ്ലൈകോയ്ക്ക് ഇത്തവണ ക്രിസ്മസ് ഫെയറുമുണ്ടാകില്ല:ജനങ്ങൾക്ക് തിരിച്ചടി

0
169

സർക്കാർ അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ സപ്ലൈകോയിൽ ഇത്തവണ ക്രിസ്‌മസ് ഫെയറുകൾ ഉണ്ടാകില്ലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിമൂലം പുതിയ ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വെള്ളിച്ചെണ്ണയ്ക്ക് നൽകിയ പർച്ചേസ് ഓർഡർ പണമില്ലാത്തതിനാൽ റദ്ദാക്കുകയും ചെയ്തിരുന്നു. ക്രിസ്‌മസ് അടുക്കുമ്പോൾ മിക്ക സാധനങ്ങൾക്കും വില ഉയരുന്നതിനാൽ പുറം വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങേണ്ടി വരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും. സപ്ലൈകോയ്ക്ക് സംസ്ഥാന സർക്കാർ 1,138 കോടിയും കേന്ദ്ര സർക്കാർ 692 കോടിയും നൽകാനുണ്ട്.

സാധാരണ ക്രിസ്‌മസിന് 10 ദിവസം മുൻപെങ്കിലും സപ്ലൈകോ ക്രിസ്‌മസ് ചന്തകൾ തുടങ്ങാറുണ്ട്. ഇതിനായി നേരത്തെ തന്നെ ടെൻഡറും വിളിക്കും. എന്നാൽ ഇത്തവണ അതിനുള്ള ഒരുക്കങ്ങളൊന്നും നടന്നിട്ടില്ല. നവംബർ 14ന് ടെൻഡർ വിളിച്ചിരുന്നെങ്കിലും കുടിശിക നൽകാത്തതിനാൽ വിതരണക്കാർ പങ്കെടുത്തില്ല. 740 കോടി രൂപയോളമാണ് വിതരണക്കാർക്ക് നൽകാനുള്ളത്.


നിലവിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ മാത്രമാണ് സപ്ലൈകോ സ്‌റ്റോറുകളിൽ ലഭ്യമായിട്ടുള്ളത്. ചില ഷോപ്പുകളിൽ സബ്‌സിഡി സാധനങ്ങളിൽ ചിലത് ലഭ്യമാണ്. വിതരണക്കാർ ഉത്പന്നം നൽകാത്ത സാഹചര്യത്തിൽ പയർ-പരിപ്പ് ഉത്പന്നങ്ങളും വറ്റൽമുളകും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നു നേരിട്ടെടുക്കാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്.