ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിവരങ്ങൾ അപൂർണമെന്ന് സുപ്രീംകോടതി. ബോണ്ട് ആര് ആർക്കാണ് നൽകിയതെന്ന് വ്യക്തമാക്കുന്ന യുണിക് ആൽഫാന്യൂമറിക് നമ്പറുകൾ എവിടെയെന്ന് വിഷയത്തിൽ വാദം കേട്ട കോടതി ചോദിച്ചു.
ബോണ്ട് വാങ്ങിയ കമ്പനികൾ, വ്യക്തികൾ, വാങ്ങിയ തീയതി, ബോണ്ടുകൾ പണമാക്കി മാറ്റിയ രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ പേര് വിവരങ്ങളാണ് എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. ഈ വിവരങ്ങൾ ഇന്നലെ കമ്മിഷൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറാൻ നിർദേശിച്ചിട്ടും ബോണ്ട് നമ്പറുകൾ എസ്.ബി.ഐ കൊടുത്തിട്ടില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കബിൽ സിബൽ, പ്രശാന്ത് ഭൂഷൺ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. മാർച്ച് 18ന് (തിങ്കൾ) ഇത് സംബന്ധിച്ച് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി എസ്.ബി.ഐക്ക് നോട്ടീസും അയച്ചു.
എസ്.ബി.ഐയിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം തുക ബോണ്ടുവഴി കൈപ്പറ്റിയത് ബി.ജെ.പിയാണ്, 6,060 കോടി രൂപ. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനേക്കാൾ കൂടുതൽ പണം നേടിയത് ബംഗാളിൽ മാത്രം അധികാരത്തിലുള്ള പ്രാദേശിക പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ആണ്. തൃണമൂൽ 1,609 കോടി രൂപ നേടിയപ്പോൾ കോൺഗ്രസ് പണമാക്കി മാറ്റിയത് 1,421 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകളാണ്. തെലങ്കാനയിലെ ബി.ആർ.എസ് 1,214 കോടി രൂപയും, ഒഡീഷയിലെ ബി.ജെ.ഡി 775 കോടി രൂപയും, തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ 639 കോടി രൂപയും, ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് 337 കോടി രൂപയും നേടി. ടി.ഡി.പി 218 കോടി രൂപ, ശിവസേന 159 കോടി രൂപ, ആർ.ജെ.ഡി 72 കോടി രൂപ എന്നിങ്ങനെയാണ് നേടിയത്.
ലോട്ടറിത്തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായ സാന്റിയാഗോ മാർട്ടിൻ്റെ കമ്പനി ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസാണ് ഏറ്റവുമധികം തുക സംഭാവന നൽകിയത്, 1,368 കോടി രൂപ. തിരഞ്ഞെടുപ്പ് ബോണ്ടിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണിതെന്ന വിമർശനമാണ് ഉയരുന്നത്. 980 കോടി രൂപ സംഭാവന നൽകി കേന്ദ്ര സർക്കാരിൻ്റെ നിരവധി നിർമ്മാണ പ്രവർത്തന കരാർ നേടിയിട്ടുള്ള മേഘ എഞ്ചിനിയറിംഗാണ് രണ്ടാമത്.
തിരഞ്ഞെടുപ്പ് ബോണ്ടുവഴി ആരിൽ നിന്ന് ആര് പണം കൈപ്പറ്റിയെന്ന് എസ്.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിലില്ല. അതായത് ബോണ്ടുവഴി കമ്പനികളും വ്യക്തികളും ഏത് പാർട്ടിക്കാണ് പണം നൽകിയതെന്ന് നിലവിൽ അറിയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ എസ്.ബി.ഐ ഇപ്പോൾ പുറത്തുവിട്ട വിവരങ്ങൾക്ക് വലിയ പ്രസക്തിയുമില്ല. എന്നാൽ, കേസിൽ ഹർജിക്കാർ ആവശ്യപ്പെട്ടതുപോലെ ബോണ്ട് നമ്പർ വെളിപ്പെടുത്തിയാൽ ആര് ആർക്ക് പണം നൽകിയെന്ന് വ്യക്തമായേക്കും.