തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾക്ക് പിഴ ചുമത്തും:പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്

0
143

പതഞ്ജലി ഉത്പ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ നടപടിയുമായി സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ നൽകിയാൽ ഓരോ പരസ്യത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. പതഞ്ജലി ഉത്പ്പന്നങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐ.എം.എ) സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ബാബാ രാംദേവും ആചാര്യ ബാലകൃഷ്‌ണയും ചേർന്ന് നയിക്കുന്ന പതഞ്ജലിയുടെ ഉത്‌പന്നങ്ങൾക്ക് ചില ഗുരുതര രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് കമ്പനി നേരത്തെയും അവകാശപ്പെട്ടിട്ടുണ്ട്. ഐഎംഎ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പതഞ്ജലിക്ക് താക്കീത് നൽകിയത്.

കോവിഡ് -19 ന്റെ വ്യാപന സമയത്ത് അലോപ്പതി മരുന്നുകളുടെ ഉപയോഗത്തിനെതിരായ വിവാദ പരാമർശങ്ങൾക്ക് ഐഎംഎ നൽകിയ വിവിധ ക്രിമിനൽ കേസുകൾ നേരിടുന്ന രാംദേവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269, 504 വകുപ്പുകൾ പ്രകാരമാണ് രാംദേവിനെതിരെ കേസെടുത്തിരിക്കുന്നത്.