താജ് ഹോട്ടൽസ് ഗ്രൂപ്പിന്റെ 15 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ വിലാസങ്ങൾ, അംഗത്വ ഐ.ഡികൾ, മൊബൈൽ നമ്പറുകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് ചോർന്നത്.
വിവരങ്ങൾ ചോർന്നതിന് പിന്നാലെ ‘Dnacookies’ എന്ന വെബ്സൈറ്റ് ഹാൻഡിലിൽ നിന്ന് മോചനദ്രവ്യമായി 5,000 ഡോളർ (ഏകദേശം 4.16 ലക്ഷം രൂപ) ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. 2014-2020 കാലഘട്ടത്തിലെ വിവരങ്ങളാണ് ചോർത്തിയ ഡേറ്റയിൽ ഉള്ളതെന്നും ഇതുവരെ അവ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഹാക്കർമാർ അറിയിച്ചു. താജ് ഗ്രൂപ്പ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രശ്നം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ വക്താവ് അറിയിച്ചു.