ടാറ്റ 70,000 കോടി, വിന്‍ഫാസ്റ്റ് ഓട്ടോ 16,000 കോടി:തമിഴ്നാട്ടിൽ നിക്ഷേപ പെരുമഴ

0
121

നിക്ഷേപ സംഗമത്തിൽ വൻതോതിൽ നിക്ഷേപ വാഗ്ദാനങ്ങൾ സ്വന്തമാക്കി തമിഴ്‌നാട്. ജനുവരി 7ന് ആരംഭിച്ച തമിഴ്‌നാട് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ്-2024ന്റെ (TNGIM-2024) ആദ്യദിനത്തില്‍ തന്നെ നൂറിലധികം ധാരണാപത്രങ്ങളിലൂടെ 5.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചെന്നാണ് തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയത്. മൊത്തം 20,000ലധികം തൊഴിലവസരങ്ങളാണ് ഈ നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമായാൽ സൃഷ്ടിക്കപ്പെടുക. 2030ഓടെ 1 ട്രില്യൺ സമ്പദ് ശേഷിയുള്ള സംസ്ഥാനമായി തമിഴ്നാടിനെ മാറ്റുകയാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.

ഓട്ടോമൊബൈൽ (വാഹന നിർമ്മാണം), ഇലക്ട്രോണിക്‌സ്, റിന്യൂവബിൾ എനർജി (പുനരുപയോഗ ഊർജം) തുടങ്ങിയ മേഖലകളിലാണ് തമിഴ്‌നാട് നിക്ഷേപ വാഗ്ദാനങ്ങൾ സ്വന്തമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ പവർ തമിഴ്നാട്ടിൽ സൗരോർജ, കാറ്റാടി യൂണിറ്റുകൾ സ്ഥാപിക്കാൻ 70,000 കോടി രൂപയുടെ നിക്ഷേപം നടത്തും. 10 Gw ഉത്പാദന ശേഷിയുള്ള റിന്യൂവബിൾ എനർജി പദ്ധതിക്ക് അഞ്ചു വർഷത്തേക്കാണ് ടാറ്റ 70,000 കോടി രൂപ നിക്ഷേപിക്കുന്നത്. നടപടിക്രമങ്ങൾ എല്ലാം കൃത്യമായി നടന്നാൽ ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ടാറ്റ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായി ഇത് മാറും.


റിന്യൂവബിൾ എനർജി രംഗത്ത് 12,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് സംഗമത്തിൽ ജെ.എസ്.ഡബ്ല്യു എനർജി വ്യക്തമാക്കി. ഇതുസംബന്ധിച്ച കരാറും ഒപ്പുവച്ചു. തമിഴ്‌നാട്ടിൽ കഴിഞ്ഞവർഷം 20,000 കോടി രൂപയുടെ നിക്ഷേപമിറക്കിയ പ്രമുഖ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് ഇക്കുറി 6,180 കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്‌തത്. കൂടാതെ തമിഴ്‌നാട്ടിൽ ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ഹബ്ബ് സ്ഥാപിക്കാനായി ഐ.ഐ.ടി മദ്രാസുമായും ഹ്യുണ്ടായ് കൈകോർക്കും.

ഏറെക്കാലമായി ഇന്ത്യയിലേക്ക് പ്രവേശനത്തിന് ഒരുങ്ങുന്ന പ്രമുഖ വിയറ്റ്‌നാം വൈദ്യുത വാഹന കമ്പനിയായ വിന്‍ഫാസ്റ്റ് ഓട്ടോ (VinFast Auto) 16,000 കോടി രൂപയുടെ ഇ.വി നിർമ്മാണ പ്ലാന്റ് തൂത്തുക്കുടിയിൽ സ്ഥാപിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിന് കീഴിലെ ജിയോയും കാനഡയുടെ ബ്രൂക്ക്‌ഫീൽഡ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയും ചേർന്ന് ചെന്നൈയിൽ ഡേറ്റാ സെന്റർ സ്ഥാപിക്കും. 35,000 കോടി രൂപയാണ് പ്രതീക്ഷിത നിക്ഷേപം.