ഹക്കാ ന്യൂഡിൽസ് ഉൾപ്പെടെയുള്ള ജനപ്രിയ ചൈനീസ് ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ചിംഗ്‌സ് സീക്രട്ടിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനുള്ള മത്സരത്തിൽ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് വിജയിച്ചതായി റിപ്പോർട്ടുകൾ. നെസ്‌ലെയ്ക്കും, ഐടിസിക്കും വെല്ലുവിളി ഉയർത്തുന്നതാണ് ടാറ്റയുടെ ഈ ഏറ്റെടുപ്പ്.
ചിംഗ്‌സ് സീക്രട്ടിന്റെ (Ching’s Secret) മാതൃ കമ്പനിയായ ക്യാപിറ്റൽ ഫുഡ്സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. ഇൻസ്റ്റന്റ് ന്യൂഡിൽസ്, ഹക്ക ന്യൂഡിൽസ്, സൂപ്പുകൾ, സോസുകൾ, ഷെസ്വാൻ ചട്നി, ദേശി ചൈനീസ് മസാലകൾ തുടങ്ങി ജനപ്രിയ ചൈനീസ് ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ക്യാപിറ്റൽ ഫുഡ്സ്. കമ്പനിക്ക് 5,500 കോടി രൂപയുടെ മൂല്യം ഉണ്ടെന്നാണ് റിപ്പോർട്ട്. കമ്പനിയെ കൂടെ കൂട്ടാനായാൽ ടാറ്റയ്ക്ക് എഫ്എംസിജി വിപണിയിൽ മികച്ച മുൻതൂക്കം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ടാറ്റയുടെ ഏറ്റെടുപ്പ് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക നെസ്‌ലെയ്ക്കും, ഐടിസിക്കും ആകും. ഏകദേശം 60 ശതമാനം വിപണി വിഹിതമാണ് നെസ്ലെയുടെ മാഗിക്ക് ബ്രാൻഡഡ് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലുള്ളത്. ഐടിസിയുടെ സൺഫീസ്റ്റ് യിപ്പീ ന്യൂഡിൽസ് ആണ് തൊട്ടുപിന്നിലുള്ളത്. ക്യാപിറ്റൽ ഫുഡ്സിന്റെ ഭൂരിഭാഗം ഓഹരികൾ ടാറ്റ ഏറ്റെടുത്താൽ ചൈനീസ് ഉത്പന്നങ്ങളുമായി ഇവക്ക് മത്സരിക്കേണ്ടി വരും.