3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാൻ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്

0
102

3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാൻ ടാറ്റ ടീയുടെ നിർമാതാക്കളായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്. ക്യാപിറ്റൽ ഫുഡ്‌സ്, ഓർഗാനിക് ഇന്ത്യ എന്നീ കമ്പനിളെ ഏറ്റെടുക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി തേടിയതിന് പിന്നാലെയാണ് അവകാശ ഓഹരികളിറക്കി പണം സമാഹരിക്കാനുള്ള കമ്പനിയുടെ നീക്കം. 7,000 കോടി രൂപയ്ക്കാണ് ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് ഇരു കമ്പനികളെയും ഏറ്റെടുക്കുന്നത്.


ചിംങ്സ് സീക്രട്ട്, സ്‌മിത്ത് ആൻഡ് ജോൺസ് തുടങ്ങിയ ബ്രാൻഡുകൾ അവതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് ക്യാപിറ്റൽ ഫുഡ്‌സ്. 5,100 കോടി രൂപ എന്റർപ്രൈസ് മൂല്യം കണക്കാക്കിയാണ് ഇടപാട്. ഘട്ടംഘട്ടമായാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുക. മാർച്ച് ഒന്നിന് മുൻപ് 75 ശതമാനം ഓഹരി ഏറ്റെടുക്കും. ബാക്കി 25 ശതമാനം അടുത്ത മൂന്ന് വർഷത്തിനകവും ഏറ്റെടുക്കും. 1,900 കോടി രൂപയ്ക്കാണ് ഓർഗാനിക് ഇന്ത്യയുടെ 100 ശതമാനം ഓഹരികൾ ടാറ്റ കൺസ്യൂമർ ഏറ്റെടുക്കുന്നത്. ഇതുകൂടാതെ 2026 സാമ്പത്തിക വർഷത്തിലെ ഓഹരി വരുമാനത്തിന്റെ വിഹിതവും നൽകണം. 360-370 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണ് ഓർഗാനിക് ഇന്ത്യ.


പുതിയ ഏറ്റെടുക്കലിലൂടെ ഉപ്പ്, തേയില, ധാന്യങ്ങൾ എന്നിവയ്ക്ക് പുറമെ കൂടുതൽ ഉത്പന്നങ്ങളിലേക്ക് കടക്കാൻ ടാറ്റ കൺസ്യൂമറിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. 39 ലക്ഷം ഔട്ട്‌ലെറ്റുകളാണ് ടാറ്റ കൺസ്യൂമറിന് രാജ്യത്തുള്ളത്. ക്യാപിറ്റൽ ഫുഡ്‌സിന് 40,000 ഔട്ട്ലെറ്റുകളും ഓർഗാനിക് ഇന്ത്യക്ക് 24,000 ഔട്ട്ലെറ്റുകളുമുണ്ട്.