9000 കോടിയുടെ നിക്ഷേപം, 5,000 തൊഴിലവസരങ്ങൾ:തമിഴ്നാട്ടിൽ ടാറ്റാ മോട്ടോഴ്സിന്റെ പുത്തൻ പ്ലാന്റ്

0
195

തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് ടാറ്റാ മോട്ടോഴ്സ്. 9000 കോടിയുടെ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനാണ് ടാറ്റാ മോട്ടോഴ്സിന്‍റെ തീരുമാനം. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി ടി.ആർ.ബി രാജ എന്നിവരുടെ സാന്നിധ്യത്തിൽ തമിഴ്‌നാടുമായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ കമ്പനി വാഹന നിർമാണ പ്ലാൻ്റ് സ്ഥാപിക്കും.

പുതിയ പ്ലാന്റിലൂടെ സംസ്ഥാനത്ത് നേരിട്ടും അല്ലാതെയും ഏകദേശം 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിൽ 500 ഏക്കർ സ്ഥലത്താണ് പുതിയ ഫാക്ടറി സ്ഥാപിക്കുന്നത്. കർണാടകയിലെ ധാർവാഡിന് ശേഷം ടാറ്റാ മോട്ടോഴ്‌സിൻ്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പ്ലാന്റാണിത്.

രണ്ട് മാസത്തിനിടെ തമിഴ്‌നാടുമായി ധാരണാപത്രം ഒപ്പിടുന്ന രണ്ടാമത്തെ വാഹനനിർമാണ കമ്പനിയാണ് ടാറ്റാ മോട്ടോഴ്‌സ്. ജനുവരിയിൽ വിയറ്റ്നാമിലെ മുൻനിര വൈദ്യുത വാഹന (ഇ.വി) നിർമ്മാതാക്കളായ വിൻഫാസ്റ്റ് 16,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള കരാർ ഒപ്പിട്ടിരുന്നു. ഇതിൻ്റെ ആദ്യ ഘട്ടമായി 4,000 കോടി രൂപയുടെ നിക്ഷേപവും വിൻഫാസ്റ്റ് തമിഴ്‌നാട്ടിൽ നടത്തിയിരുന്നു.