സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും പുതിയ എതിരാളി:ഓൺലൈൻ ഭക്ഷണ വിതരണത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

0
82

ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പായ ടാറ്റ ന്യൂവിലൂടെ ഒ.എൻ.ഡി.സി വഴിയായിരിക്കും ഭക്ഷണ വിതരണം നടത്തുക. കൂടുതൽ ഉപയോക്താക്കളെ ആപ്പിലേക്ക് ആകർഷിക്കുകയാണ് പുതിയ സംരംഭത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.


ടാറ്റ ന്യൂ ആപ്പിൽ ഭക്ഷണ വിഭാഗത്തിനായി ഒരു ടാബ് ഉണ്ട്. നിലവിൽ ഇതിൽ താജ് ബ്രാൻഡ് നടത്തുന്ന ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടൽ കമ്പനിയുടെ റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണ മെനു മാത്രമേ കാണിക്കൂ. എന്നാൽ ഒ.എൻ.ഡി.സി വഴി ഭക്ഷണ വിതരണം നടത്തുന്നതോടെ വിവിധ ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം വാങ്ങാൻ സാധിക്കും.

നിലവിൽ ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ മേഖലയുടെ 95 ശതമാനം വിഹിതവും സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും കൈവശമാണ്. 2022-23ലെ കണക്ക് പ്രകാരം 50,000 കോടി രൂപയുടെ ഓർഡറുകളാണ് ഇവ കൈകാര്യം ചെയ്തത്. ഒ.എൻ.ഡി.സി ഭക്ഷണ ഓർഡറുകൾക്ക് വലിയ കിഴിവ് ലഭിക്കാറുള്ളതിനാൽ ഒ.എൻ.ഡി.സി വഴി ടാറ്റ ന്യൂ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും വില താരതമ്യേന കുറവായിരിക്കും. ഇത് സ്വിഗ്ഗിയ്ക്കും, സൊമാറ്റോയ്ക്കും വെല്ലുവിളി ഉയർത്തിയേക്കും.