നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമം. ഏറെനാളായി കാത്തിരുന്ന ടാറ്റ ടെക്നോളജീസിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IP0) നവംബർ 22-ന് ആരംഭിച്ച് 24ന് അവസാനിക്കും. കഴിഞ്ഞ മാർച്ചിൽ ഐ.പി.ഒയ്ക്കുള്ള അപേക്ഷ നൽകിയ ടാറ്റാ ടെക്കിന് ജൂണിലാണ് സെബിയിൽ നിന്ന് അനുമതി ലഭിച്ചത്.
എന്നാൽ പുതിയ ഓഹരികളുടെ വിൽപ്പന ഇപ്പോൾ നടത്തുന്നില്ല. പ്രമോട്ടർമാരുടെയും മറ്റ് ഓഹരിയുടമകളുടേയും ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ(OFS) വഴി മൊത്തം 6.08 കോടി ഓഹരികൾ വിറ്റഴിക്കും. 9.57 കോടി ഓഹരികൾ വിറ്റഴിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ടാറ്റ ടെക്നോളജീസിന്റെ 74.69 ശതമാനം ഓഹരികൾ മാതൃ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ കൈവശമാണ്. ഒ.എഫ്.എസിൽ 4.62 കോടി ഓഹരികൾ ടാറ്റ മോട്ടോഴ്സും 97.1 ലക്ഷം ഓഹരികൾ ആൽഫ ടി.സി ഹോൾഡിംഗ്സും 48 ലക്ഷം ഓഹരികൾ ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ടും വിറ്റഴിക്കും.