കൂടുതൽ ഇലക്ട്രിക് നാനോ കാറുകളുമായി ഇന്ത്യൻ വിപണിയിൽ കുതിക്കാൻ ടാറ്റ. കൂടുതൽ പവർഫുൾ ഫീച്ചറുകളും റേഞ്ചുമുളള നാനോ ഇവി കാറുകളുമായി മാരുതിയോട് ഏറ്റുമുട്ടാനുള്ള മുന്നൊരുക്കത്തിലാണ് ടാറ്റ.
വലിയ തുക ചെലവഴിക്കാതെ കുടുംബത്തിന് ഒരു കാർ എന്ന ആശയത്തിൽ നിന്ന് ജനിച്ചതാണ് ടാറ്റയുടെ നാനോ കാർ. ഈ വർഷം പുതിയ ഫീച്ചറുകളും യൂണിറ്റുകളുമായി നാനോയെ ഇ-വിയിലേക്ക് മാറ്റുമ്പോൾ ഇലക്ട്രിക് വാഹന വിപണിയെ പിടിച്ചടക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.
ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ടാറ്റ നാനോ ഇവി 2024. 2 ചാർജിംഗ് ഓപ്ഷനുകളിലാണ് നാനോ ഇവിക്കുള്ളത്, 15എ ശേഷിയുള്ള ഹോം ചാർജറും ഡിസി ഫാസ്റ്റ് ചാർജറും. 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത്, ഇന്റർനെറ്റ് കണക്ടിവിട്ടി, പവർ സ്റ്റീറിംഗ്, എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് പോലുള്ള സുരക്ഷാ ഫീച്ചറുകൾ എന്നിവയും പുതിയ നാനോ ഇവിയിൽ പ്രതീക്ഷിക്കാം. 3-5 ലക്ഷം രൂപയായിരിക്കും നാനോ ഇവിയുടെ വില. കാർ എന്നാണ് വിപണിയിലെത്തുക എന്ന് വെളിപ്പെടുത്തിയിട്ടില്ല.