ഇനി ഐഫോണുകൾ ടാറ്റ നിർമ്മിക്കും:’മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് പ്രിയമേറും

0
158

ആഭ്യന്തര, ആഗോള വിപണികള്‍ക്കായി രണ്ടര വര്‍ഷത്തിനകം ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്ന തായ്‌വാനിലെ വിസ്‌ട്രോൺ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്ചറിങ്ങിനെ 1,040 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കും. ഈ കമ്പനിയുടെ പൂർണ ഉടമസ്ഥാവകാശം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കും.


വിസ്‌ട്രോണിനെ കൂടാതെ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നീ രണ്ട് തായ്‌വാനീസ് കമ്പനികളും ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നുണ്ട്. എന്നിരുന്നാലും, ഐഫോൺ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് ടാറ്റ.
ഐഫോൺ നിർമ്മാണത്തിന്റെ 25 ശതമാനം ഇന്ത്യയിലേക്ക് മാറ്റുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ഉൾപ്പെടെയുള്ള പദ്ധതികൾ ആഗോള ഇലക്‌ട്രോണിക് കമ്പനികളുടെ ഇഷ്ട ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുമെന്നാണ് പ്രതീക്ഷ.