തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) . കാന്താര്‍സ് ബ്രാന്‍ഡ്‌സ് ഇന്ത്യ റാങ്കിംഗ് ഡേറ്റ പ്രകാരം 4,300 കോടി ഡോളറാണ് (3.5 ലക്ഷം കോടി) ടി.സി.എസിന്റെ ബ്രാൻഡ് മൂല്യം. ഇന്ത്യയിലെ 75 മുൻനിര ബ്രാൻഡുകളുടെ സംയുക്ത ബ്രാൻഡ് മൂല്യം 379 ബില്യൺ ഡോളറാണ്. 2022നെ അപേക്ഷിച്ച് ബ്രാൻഡ് മൂല്യത്തിൽ 4 ശതമാനം ഇടിവുണ്ടായി. മൂല്യത്തിൽ 20 ശതമാനം ഇടിവ് നേരിട്ട ആഗോള ബ്രാൻഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ബ്രാൻഡുകളുടേത് മികച്ച പ്രകടനമാണ്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, എയര്‍ടെല്‍ എന്നിവയാണ് ടി.സി.എസിന് തൊട്ടു പിന്നിലുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സ്ഥാനം ഉയർന്ന് ആദ്യ അഞ്ചിൽ എത്തി. ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, റിലയന്‍സ് ജിയോ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ആറ് മുതൽ ഒൻപത് വരെയുള്ള സ്ഥാനങ്ങളിൽ. എൽഐസിയെ 11-ാം സ്ഥാനത്തേക്ക് പിന്തള്ളി എച്ച്സിഎൽടെക് ആദ്യ പത്തിൽ ഇടം പിടിച്ചു.