ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഒന്നാമതായി ടാറ്റ കൺസൾട്ടൻസി സർവീസസ്. തുടർച്ചയായി ഒമ്പതാം വർഷമാണ് ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടികയിൽ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന സ്ഥാനം ടിസിഎസ് സ്വന്തമാക്കുന്നത്. യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങളിലും പ്രദേശങ്ങളിലും ടിസിഎസിനെ മികച്ച തൊഴിൽദാതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഈ ആഗോള അംഗീകാരം.
ഇന്ത്യ അടക്കം 55 ലോകരാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഐടി കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസ്. തങ്ങളുടെ ജീവനക്കാരുടെ കഴിവും വികസന പ്രവർത്തനങ്ങളും കൊണ്ടാണ് തുടർച്ചയായ ഒമ്പതാം വർഷവും ഗ്ലോബൽ എംപ്ലോയർ ലിസ്റ്റിൽ ഒന്നാമത് എത്താൻ കഴിഞ്ഞതെന്ന് ടി സി എസ് പറഞ്ഞു. 55 രാജ്യങ്ങളിലായി (2023 ഡിസംബർ 31 വരെ) 6,03,305 ജീവനക്കാരാണ് ടിസിഎസിനുള്ളത്. ആകെ ജീവനക്കാരിൽ 35.7 ശതമാനം സ്ത്രീകളാണ്.