ഓഹരി തിരിച്ചു വാങ്ങാനൊരുങ്ങി (Share Buyback) രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS). 16,000-18,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും രണ്ടാംപാദ പ്രവര്‍ത്തന ഫലങ്ങളും ഒക്ടോബര്‍ 11ന് പ്രഖ്യാപിക്കും. 2022ല്‍ ടി.സി.എസ് 18,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങിയിരുന്നു. 4,500 രൂപ നിരക്കില്‍ നാല് കോടി ഓഹരികളാണ് അന്ന് തിരിച്ചു വാങ്ങിയത്. 2007 മുതല്‍ ഇത് അഞ്ചാം തവണയാണ് ടി.സി.എസ് ബൈബാക്ക് പ്രഖ്യാപിക്കുന്നത്.
2023-ൽ ഇതുവരെ, ടിസിഎസിന്റെ ഓഹരികൾ 11% നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസം ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 3,634.95 രൂപയിലെത്തി. ജൂണിൽ അവസാനിച്ച പാദത്തിൽ, ടിസിഎസിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള അറ്റാദായം 11,353 കോടി രൂപ ആയിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 42,079 കോടി രൂപയാണ് ഓഹരിയുടമകള്‍ക്ക് ഡിവിഡന്‍ഡായി നല്‍കിയത്.