ഇലോണ്‍ മസ്കിന്റെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ല പ്രതിനിധികള്‍ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോസ്ഥരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി ഈയാഴ്ച ടെസ്ല സംഘം കൂടിക്കാഴ്ച നടത്തും. ചൈനയ്ക്ക് പുറത്ത് ടെസ്ലയുടെ നിര്‍മാണ കേന്ദ്രമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരെത്തുന്നതെന്നാണ് വിവരം.
ടെസ്ലയുടെ ഉത്പാദന, വിതരണ, ബിസിനസ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് എത്തുക. ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവയെയും വൈദ്യുത വാഹന നയത്തെയും ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക് നേരത്തെ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ചൈനയില്‍ നിര്‍മ്മിച്ച കാറുകള്‍ വില്ക്കുന്നതില് ഇന്ത്യയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ടെസ്ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ പ്രശ്നമില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഇതോടെ ടെസ്ലയുടെ ഇന്ത്യാ പ്രവേശനം പ്രതിസന്ധിയിലായി.
യുഎസ്-ചൈന വ്യാപാര പ്രശ്നം തുടരുന്നതിനാല്‍ മറ്റൊരു ഇടംതേടേണ്ട സാഹചര്യമാണ് ടെസ്ല ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികള്‍ക്കുള്ളത്. ടെസ്ല ടീം ഇന്ത്യയിലെത്തുന്നതോടെ തര്‍ക്കങ്ങള്‍ക്ക് അയവുവരുമെന്നാണ് പ്രതീക്ഷ.
അടുത്തിടെ ഇലോണ്‍ മസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരാന് ആരംഭിച്ചിരുന്നു. പിന്നാലെ ടെസ്ല ഇന്ത്യയിലേക്ക് വരുമെന്ന ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. ഇപ്പോള്‍ ടെസ്ല ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തുന്നതോടെ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.