ഇന്ത്യയിലേക്ക് ടെസ്‌ലയെത്തുന്നു:17,000 കോടി നിക്ഷേപിക്കും

0
152

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു. അടുത്ത വർഷം തന്നെ ഇലക്ട്രിക് കാർ ഇറക്കുമതി ആരംഭിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഫാക്ടറി സജ്ജമാക്കുമെന്നുമാണ് വിവരം. ജനുവരിയിൽ നടക്കുന്ന വൈബ്രൻ്റ് ഗുജറാത്ത് സംഗമത്തിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ഫാക്ടറി തുറക്കുന്നതിന് പരിഗണനയിലുളളത്. ഇലക്ട്രിക് വാഹനനിർമാണത്തിന് അനുയോജ്യമായ പരിതസ്ഥിതിയുള്ള സംസ്ഥാനങ്ങളെയാണ് ടെസ്‌ല പരിഗണിക്കുന്നത്.

200 കോടി ഡോളറാണ് (ഏകദേശം 17,000 കോടി) ഫാക്ടറിക്കായി പ്രാരംഭഘട്ടത്തിൽ ടെസ്‌ല ഇന്ത്യയിൽ നിക്ഷേപിക്കുക. ഇതുകൂടാതെ രാജ്യത്ത് നിന്ന് വാഹന അനുബന്ധസാമഗ്രികൾ വാങ്ങുന്നതിനായി 1,500 കോടി ഡോളറും (ഏകദേശം 1.25 ലക്ഷം കോടി) മുടക്കും. കഴിഞ്ഞ വർഷം ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) ഓട്ടോപാർട്‌സ് ടെസ്‌ല ഇന്ത്യയിൽ നിന്ന് വാങ്ങിയിരുന്നു.


കഴിഞ്ഞ ജൂണിലാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുമെന്ന് ടെസ്‌ലയുടെ ചിഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്‌ക് വ്യക്തമാക്കിയത്. 2024ൽ മസ്ക് ഇന്ത്യ സന്ദർശിക്കാനും പദ്ധതിയിടുന്നുണ്ട്.