ഒരു നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച പട്ടിന്റെ ചരിത്രം. ‘മറ്റാർക്കും നൽകാനാവാത്ത പട്ട്, മറ്റാർക്കും നൽകാനാവാത്ത വിലയിൽ’ എന്ന മുദ്രാവാക്യവുമായി പട്ടുനൂലിൽ നെയ്തെടുത്ത കല്യാൺ സിൽക്‌സിന്റെ കഥയാണിത്. 1909-ൽ തൃശ്ശൂർ ആസ്ഥാനമായി ടി.എസ്. കല്യാണരാമ അയ്യർ ആരംഭിച്ച തുണിക്കടയാണ് കല്യാൺ സിൽക്ക്‌സ്. 400 ചതുരശ്ര അടി വിസ്തീർണ്ണം മാത്രമുള്ള ഒരു ചെറിയ റീട്ടെയിൽ സെൻ്റർ. നെയ്ത്തായിരുന്നു കുടുംബത്തിന്റെ പ്രധാന ബിസിനസ്സ്. ബിരുദപഠനത്തിനുശേഷം 22-ാം വയസ്സിൽ പിതാവിൽ നിന്ന് കല്യാണരാമ അയ്യരുടെ കൊച്ചുമകനായ ടി.എസ് പട്ടാഭിരാമൻ കട ഏറ്റെടുത്തു. ഈ ചെറിയ കടയിൽ സമയം പാഴാക്കരുതെന്ന് സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും, തങ്ങളുടെ ബിസിനസിൻ്റെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് തൻ്റേതായ ആശയങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. അക്കാലത്ത്, കൂടുതൽ വലിയ ഷോറൂമുകളുള്ള മറ്റ് വലിയ റീട്ടെയിലർമാർ രംഗത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഷോറൂം റീബ്രാൻഡ് ചെയ്ത് വലിയൊരു സ്ഥലത്തേക്ക് മാറാനായിരുന്നു പട്ടാഭിരാമന്റെ ആഗ്രഹം.
4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂം സ്ഥാപിക്കാൻ പിതാവിനെ സമ്മതിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ കടമ്പ. 2,000 ചതുരശ്ര അടി മാത്രമേ ഷോറൂമിനായി ഉപയോഗിക്കൂ, ബാക്കി മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുമെന്ന് അച്ഛനോട് പറഞ്ഞു. എന്നാൽ മുഴുവൻ സ്ഥലവും ഷോറൂമിനായി ഉപയോഗിച്ചു. അത് വലിയൊരു കുതിപ്പായിരുന്നു. ഇന്ന് കൊച്ചി ഷോറൂം 100,000 ചതുരശ്ര അടിയിൽ കൂടുതലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പട്ടുസാരി ഷോറൂമെന്നാണ് കൊച്ചി ഷോറൂം അവകാശപ്പെടുന്നത്. സീസണിൽ പ്രതിദിനം 20,000-25,000 ഉപഭോക്താക്കളാണ് കല്യാൺ സിൽക്സ് ഷോറൂമിലെത്തുന്നത്. ഇന്ന് ഒരു ദക്ഷിണേന്ത്യൻ ബ്രാൻഡായാണ് കല്യാൺ സിൽക്‌സ് അറിയപ്പെടുന്നത്.
തൻ്റെ ആദ്യകാലങ്ങളിൽ, 90 ശതമാനം ഉപഭോക്താക്കളുടേയും പേരുകൾ തനിക്ക് അറിയാമായിരുന്നുവെന്ന് പട്ടാഭിരാമൻ പറയുന്നു. അത്തരത്തിലുള്ള ഒരു വ്യക്തിബന്ധമാണ് തങ്ങളുടെ ശക്തി. ടെക്‌സ്‌റ്റൈൽ ബിസിനസിൽ, പ്രത്യേകിച്ച് സിൽക്കിൽ, ഉപഭോക്താക്കളുമായി നിരന്തരം സമ്പർക്കം പുലർത്തേണം. എങ്കിൽ മാത്രമേ അവരുടെ അഭിരുചികളെയും ട്രെൻഡുകളെയും കുറിച്ചുളള ധാരണ ലഭിക്കൂ. വർഷങ്ങളോളം അവരെ കൂടെ നിർത്താൻ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നമ്മൾ വ്യക്തമായി മനസ്സിലാക്കണം, അദ്ദേഹം പറയുന്നു. ഓരോ ഉപഭോക്താവും മണിക്കൂറുകളെടുത്താണ് തങ്ങളുടെ സാരി തിരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ അതി വിശാലമായ ശേഖരം ആണ് അവർ പ്രതീക്ഷിക്കുന്നത്. ഒന്നും രണ്ടും ലക്ഷം മുടക്കി പട്ട് വാങ്ങുന്ന ഒരു ഉപഭോക്താവ് ഇത്തരത്തിൽ ആഗ്രഹിക്കുന്നതിൽ യാതൊരു തെറ്റുമില്ല. സമാനതകളില്ലാത്ത വസ്ത്ര ശേഖരങ്ങൾ കൊണ്ടുവരാൻ, കല്യാൺ സിൽക്‌സ് രാജ്യത്തുടനീളം തറികളുടെ ഒരു നിര തന്നെ സ്ഥാപിച്ചിട്ടുണ്ട്. കല്യാൺ സിൽക്‌സിന് മാത്രമായി ആയിരക്കണക്കിന് വിദഗ്‌ധ നെയ്‌ത്തുകാരാണ് പട്ടുവസ്‌ത്രങ്ങളിലെ മാന്ത്രിക സൃഷ്ടികൾ ജീവസുറ്റതാക്കുന്നത്. രണ്ട് പുരുഷന്മാർ 15 ദിവസമെടുത്താണ് ഒരു പരമ്പരാഗത പട്ട് സാരി നെയ്യുന്നത്. വളരെയധികം അദ്ധ്വാനം വേണ്ട തൊഴിൽ. ഇതെല്ലാമായിരിക്കും കല്യാൺ സിൽക്‌സിനെ കേരളത്തിലെ ഒരു ഗാർഹിക ബ്രാൻഡാക്കി മാറ്റിയത്.
ഇന്ത്യയിൽ ബ്രാൻഡഡ് ബ്രൈഡൽ സാരികൾ പുറത്തിറക്കിയ ആദ്യത്തെ ടെക്സ്റ്റൈൽ റീട്ടെയിലറാണ് കല്യാൺ സിൽക്‌സ്. സൗഗന്ധിക സിൽക്ക് എന്ന് വിളിക്കപ്പെടുന്ന ഈ സീരീസ് കല്യാൺ സിൽക്‌സ് ഔട്ട്‌ലെറ്റുകളിലൂടെ മാത്രമേ ലഭ്യമാകൂ. കേരളത്തിലെ ചെറുകിട, ഇടത്തരം ചില്ലറ വ്യാപാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കല്യാൺ കളക്ഷൻസ് എന്ന ഹോൾസെയിൽ ഡിവിഷനും ഇതിന് ഉണ്ട്. കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവല്ല, തിരുവനന്തപുരം, തൊടുപുഴ, ആറ്റിങ്ങൽ, കുന്നംകുളം, കാസർകോട്, പയ്യന്നൂർ, ചാലക്കുടി, കൽപ്പറ്റ, ബാംഗ്ലൂർ, ഈറോഡ്, സേലം, ദുബായ്, ഷാർജ, അബുദാബി, മീന ബസാർ, അൽ ഖുസൈസ്, മസ്‌കറ്റ് എന്നിവിടങ്ങളിലായി മുപ്പത്തിരണ്ട് ഷോറൂമുകളാണ് കല്യാൺ സിൽക്ക്സിനുള്ളത്. യഥാർത്ഥ ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങളിലേക്ക് ചെല്ലണമെന്നാണ് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത്. പട്ടാഭിരാമനോട് ചോദിച്ചാൽ അദ്ദേഹം പറയും, നെയ്ത്ത് മാത്രമാണ് ഇന്ത്യൻ ഗ്രാമങ്ങളുടെ ആത്മാവെന്ന്.