പുതു തലമുറയിലുള്ളവര്‍ കൂടുതലായി ഓഫീസ് ജോലികള്‍ തേടിപ്പോയപ്പോള്‍ നമ്മുടെ നാട്ടില്‍ തെങ്ങില്‍ കയറാനും കള്ളു ചെത്താനുമൊക്കെ ആളെ കിട്ടാത്ത സ്ഥിതിയായി. എന്നാല്‍, ഇതിനൊരു പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ ചാള്‍സ് വിജയ് വര്‍ഗീസ് എന്ന യുവ സംരംഭകന്‍ തന്റെ നവ ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അഗ്രിടെക് സ്റ്റാര്‍ട്ടപ്പിലൂടെ. ലോകത്തെ ആദ്യ തെങ്ങു ചെത്തല്‍ റോബോട്ടിനെ വികസിപ്പിച്ചിരിക്കുകയാണ് ഈ മിടുക്കന്‍. ഇനി ഓരോ ദിവസവും ചെത്തു തൊഴിലാളികള്‍ക്ക് തെങ്ങു കയറി ബുദ്ധിമുട്ടേണ്ട, പകരം ഈ റോബോട്ടിനെ തെങ്ങിന് മുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. പൂക്കുലയുമായി റോബോട്ടിനെ ബന്ധിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ ചെത്തു തൊഴിലാളികള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സാപ്പര്‍ എന്ന റോബോട്ട് സ്വയം ചെയ്തുകൊള്ളും. അതും ഏറ്റവും ശുദ്ധമായ കള്ളു തന്നെ ലഭ്യമാകുകയും ചെയ്യും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്നിവ സമന്വയിപ്പിച്ച് കാര്‍ഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് ചാള്‍സ് തന്റെ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. ഈ റോബോട്ടിന്റെ 28 രാജ്യങ്ങളിലെ പേറ്റന്റും ഇദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. 2020ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ജേതാവ് കൂടിയാണ് ഈ ചെറുപ്പക്കാരന്‍.