രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും തടയാനൊരുങ്ങി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ടെലിമാര്‍ക്കറ്റിങ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ട്രായ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവ സംയുക്തമായി കര്‍മ്മ പദ്ധതിയും ആവിഷ്കരിക്കുകയാണ്.
വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെയാണ് നടപടി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന് ലേണിംഗ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കും.
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റര്‍ബ്ഡ് ലെഡ്ജര്‍ ടെക്നോളജി'(ഡിഎല്‍ടി) സംവിധാനം 2018 ലെ റെഗുലേഷന് റൂളുകളുടെ ഭാഗമായി കര്‍ശനമാക്കും.
എല്ലാ വാണിജ്യ സ്ഥാപനങ്ങളും ടെലിമാര്‍ക്കറ്റര്‍മാരും ഡിഎല്‍ടിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഫോണ്‍ കോളുകളും മെസേജിംഗും നടത്താന്‍ ഉപഭോക്താവിന്റെ അനുമതി വാങ്ങുകയും വേണം. ഉപഭോക്താവിന് സൗകര്യപ്രദമായ ദിവസവും സമയവും നോക്കി മാത്രമേ സന്ദേശങ്ങള്‍ അയയ്ക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്യാവൂ. രണ്ടരലക്ഷം സ്ഥാപനങ്ങള്‍ ഡി.എല്‍.ടി പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.