ഇനി ട്രൂകോളർ വേണ്ട:ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാൻ ട്രായ്

0
120

ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡന്റിഫിക്കേഷന്‍ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും നിര്‍ദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിര്‍ദേശം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് ട്രായ് ഇത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. നിര്‍ദേശം നടപ്പിലായാല്‍ സിം എടുക്കുന്ന സമയത്ത് ഉപയോക്താവ് നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍ വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്ന ആളുടെ ഫോണില്‍ തെളിയും. കോളിങ് നെയിം പ്രസന്‍റേഷൻ(സിഎന്‍എപി) എന്ന പുതിയ ഫീച്ചര്‍ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് എല്ലാ ടെലികോം ദാതാക്കളും ലഭ്യമാക്കണമെന്നാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാൽ ട്രായ് നിര്‍ദേശത്തോട് ടെലികോം സേവനദാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രായ് നിര്‍ദേശം നടപ്പിലായാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിക്കുക ട്രൂകോളർ ആപ്പിനാകും. വിളിക്കുന്ന ആളെ എളുപ്പം തിരിച്ചറിയാനായി ഫോണില്‍ പലരും ട്രൂകോളര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. നിലവില്‍ 37.4 കോടി ആളുകള്‍ ട്രൂ കോളര്‍ ഫോണില്‍ ഉപയോഗിക്കുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്.