യുപിഐ പണമിടപാട് പരിധി ഉയർത്തി:ഇനി 5 ലക്ഷം രൂപ വരെ അയക്കാം

0
131

യുപിഐ പണമിടപാട് പരിധി ഉയർത്തി ആർബിഐ. നിലവില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി പരമാവധി അയക്കാന്‍ സാധിക്കുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാത്രമുള്ള പണമിടപാടുകള്‍ക്ക് മാത്രമേ ഈ ഉയര്‍ന്ന പരിധി ഉപയോഗിക്കാന്‍ സാധിക്കൂ. വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ഉയര്‍ന്ന പണമിടപാടുകള്‍ വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ യുപിഐ പരിധി ഉയര്‍ത്തിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

യുപിഐ ഇടപാടുകള്‍ക്ക് പുറമെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിച്ചുവരുന്ന റിക്കറിങ് പേയ്മെന്റുകള്‍ക്കുള്ള ഇ-മാന്‍ഡേറ്റുകള്‍ക്കുള്ള പരിധിയും റിസര്‍വ് ബാങ്ക് ഉയര്‍ത്തി. നേരത്തെ 15,000 രൂപയ്ക്ക് മുകളിലുള്ള ഇ-മാന്‍ഡേറ്റുകള്‍ക്ക് രണ്ടാം ഘട്ട അനുമതി കൂടി ആവശ്യമായിരുന്നെങ്കില്‍ ഈ പരിധി ഒരു ലക്ഷം രൂപ വരെയാക്കിയാണ് ഉയര്‍ത്തിയത്. എന്നാല്‍ മ്യൂചല്‍ ഫണ്ട് പണമിടപാടുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ പണമിടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡുകളിലെ തിരിച്ചടവ് എന്നിവയ്ക്ക് മാത്രമേ ഉയര്‍ത്തിയ പരിധിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.