ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്തു. ട്വിറ്റര്‍ വെബ്‌സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി ഇപ്പോള്‍ X എന്ന പുതിയ ലോഗോ ആണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്നാക്കി. വെബ്സൈറ്റ് തുറക്കുമ്പോഴും X എന്ന ലോഗോ കാണിക്കുന്നുണ്ട്. കറുപ്പ് നിറത്തിലാണ് ലോഗോ. ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter ന്റെ പേര് മാറ്റി X എന്നാക്കി. പ്രൊഫൈൽ ചിത്രവും പുതിയ ലോഗോ ആക്കി മാറ്റിയിട്ടുണ്ട്. ഇതോടെ കമ്പനിക്ക് കീഴിലുള്ള ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകൾക്കൊപ്പമുള്ള കമ്പനി ബാഡ്ജും പുതിയ ലോഗോ ആയി മാറി. മസ്കിന്റേയും, സിഇഒ ലിൻഡ യക്കരിനോയുടെയും ഔദ്യോഗിക അക്കൗണ്ടിൽ ഇപ്പോൾ ഈ ലോഗോ ആണുള്ളത്.
X.com എന്ന ഡൊമൈനിലേക്ക് ഇനി ഈ പ്ലാറ്റ്‌ഫോം മാറും. നിലവില്‍ x.com എന്ന് സെര്‍ച്ച് ചെയ്താല്‍ നേരെ ട്വിറ്റര്‍ വെബ്‌സൈറ്റിലേക്കാണ് പോവുക.
എക്‌സ് എവരിതിങ് ആപ്പ് എന്ന പേരില്‍ ട്വിറ്ററിനെ പരിവര്‍ത്തനം ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷം ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ട്വിറ്റര്‍ ഏറ്റെടുത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനിയുടെ പേര് X corp എന്നായിരുന്നു.
എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിങ്, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങള്‍, സാധനങ്ങള്‍, സേവനങ്ങള്‍, അവസരങ്ങള്‍ എന്നിവയ്ക്കുള്ള ഒരു ആഗോള വിപണിയായുമാണ് കമ്പനി പുതിയ പ്ലാറ്റ്‌ഫോമിനെ ആവിഷ്‌കരിച്ചിരിക്കുന്നത്.