അതിപ്രശസ്തരായവര്‍ക്ക് മാത്രം ട്വിറ്റര്‍ മുന്‍പ് സ്വമേധയാ നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് പണം നല്‍കി വാങ്ങിക്കൂട്ടുകയാണ് അഫ്ഗാനിലെ താലിബാന്‍ നേതാക്കളിപ്പോള്‍. പണം നല്‍കി ആര്‍ക്കും ബ്ലൂടിക്ക് വേരിഫിക്കേഷന്‍ സ്വന്തമാക്കാമെന്ന ഇലോണ്‍ മസ്‌കിന്റെ പുതിയ നയത്തെ തുടര്‍ന്നാണ് താലിബാന്‍ നേതാക്കള്‍ ബ്ലൂടിക്ക് വാങ്ങി തുടങ്ങിയത്. താലിബാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്തിരുന്ന ഹിദായത്തുള്ള ഹിദായത്ത് എന്ന നേതാവിന്റെയടക്കം അക്കൗണ്ടുകള്‍ക്ക് ബ്ലൂടിക്ക് നല്‍കിയെന്നതാണ് കൗതുകം. എന്നാല്‍ ബിബിസി അടക്കം വാര്‍ത്ത പുറത്തുവിട്ടതോടെ ഇവരുടെ ബ്ലൂ ടിക്കുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തുവെന്നതാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാകരുത് ട്വിറ്റര്‍ എന്ന തരത്തിലടക്കം ട്വിറ്ററിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.