44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ കമ്പനി ഏറ്റെടുത്ത ഇലോണ്‍ മസ്‌ക് തന്നെയാകും തത്കാലത്തേക്ക് ട്വിറ്റര്‍ സിഇഒ സ്ഥാനമലങ്കരിക്കുക എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ സിഇഒ പരാഗ് അഗ്രവാളടക്കം നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട മസ്‌ക്, മറ്റ് പല മാറ്റങ്ങളും കമ്പനിയില്‍ കൊണ്ടു വരുന്നു. പല വ്യക്തികള്‍ക്കും ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആജീവനാന്ത വിലക്ക് നീക്കം ചെയ്യുകയാണ് അതില്‍ ആദ്യ നടപടി. അതായത് ട്വിറ്ററില്‍ നിന്ന് എന്നന്നേക്കുമായി പുറത്താക്കിയവര്‍ക്ക് തിരികെ വരാം. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും ഇങ്ങനെ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ അഭിപ്രായ സ്വാതന്ത്ര്യം നടപ്പിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് മസ്‌ക് പറയുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍കൊണ്ട് സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് അവസാനം കുറിച്ച നടപടികള്‍ പിന്‍വലിക്കുന്നത് എല്ലാം പഴയപടിയാക്കുമെന്നാണ് ട്വിറ്ററിലുള്ളവരുടെ ആശങ്ക.