ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ (16,700 കോടി രൂപ) നിക്ഷേപിക്കാൻ യു.എ.ഇ. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകൾ വികസിപ്പിക്കുന്നത്. നാല് രാജ്യങ്ങളുടെ കൂട്ടായ്മയായ 12U2 വിന് (ഇന്ത്യ, ഇസ്രായേൽ, യു.എ.ഇ, യു.എസ്.എ) കീഴിലാണ് നിക്ഷേപം നടത്തുന്നത്.
ഫുഡ് പാർക്കുകളിൽ ഭക്ഷണം പ്രോസസ്സ് ചെയ്ത് അവ നിക്ഷേപക രാജ്യങ്ങളിലേക്ക് കയറ്റിയയക്കും. കയറ്റുമതിക്കുള്ള ഈ ചരക്കുകൾക്ക് മേൽ അവശ്യ ചരക്കുകളുടെ നിയമ പ്രകാരം ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ ഒഴിവാക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. അവശ്യ ചരക്കുകളുടെ നിയമ പ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഇരു രാജ്യങ്ങളും പരിഹരിച്ചതിന് പിന്നാലെയാണ് നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ യു.എ.ഇ ആരംഭിച്ചത്.
പദ്ധതി പ്രകാരമുള്ള ആദ്യ ഫുഡ് പാർക്ക് ഗുജറാത്തിലെ കണ്ട്ലയ്ക്ക് സമീപം സ്ഥാപിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൃഷിക്കും മറ്റുമായി നിക്ഷേപകർ പ്രദേശവാസികളുമായി കരാറിൽ ഏർപ്പെടും.