സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി ലോകത്തെ മുൻനിര സാമ്പത്തിക ശക്തികളായ ജപ്പാനും ബ്രിട്ടനും. കഴിഞ്ഞ ഡിസംബർ പാദത്തിലും ജി.ഡി.പി വളർച്ച നെഗറ്റീവായതാണ് കാരണം. തുടർച്ചയായ രണ്ടു പാദങ്ങളിൽ വളർച്ചാനിരക്ക് നെഗറ്റീവ് ആകുന്നതിനെയാണ് സാങ്കേതികമായി സാമ്പത്തികമാന്ദ്യം എന്ന് പറയുന്നത്.
ബ്രിട്ടന്റെ ഒക്ടോബർ-ഡിസംബർ പാദ ജി.ഡി.പി വളർച്ചാനിരക്ക് നെഗറ്റീവ് 0.3 ശതമാനമാണ്. തൊട്ടുമുമ്പത്തെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ നെഗറ്റീവ് 0.1 ശതമാനമായിരുന്നു വളർച്ച. ഇന്ത്യൻ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായിരിക്കുന്ന ബ്രിട്ടന്റെ ജി.ഡി.പി കഴിഞ്ഞ രണ്ടുവർഷമായി തളർച്ചയുടെ പാതയിലാണ്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ അതിവേഗം നേട്ടത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സുനക്കിന് ജി.ഡി.പിയുടെ ഈ വീഴ്‌ച കനത്ത തിരിച്ചടിയാണ്. നിലവിൽ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ബ്രിട്ടൻ.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌ശക്തിയായ ജപ്പാനും ഡിസംബർ പാദത്തിൽ സാങ്കേതിക സാമ്പത്തികമാന്ദ്യത്തിലേക്ക് വീണു. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ജപ്പാന് നഷ്ടമായി. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌ശക്തിയായ ജർമ്മനി മൂന്നാം സ്ഥാനം നേടി. ജൂലൈ-സെപ്റ്റംബർ പാദത്തിൽ നെഗറ്റീവ് 3.3 ശതമാനം, ഒക്ടോബർ-ഡിസംബറിൽ നെഗറ്റീവ് 0.4 ശതമാനം എന്നിങ്ങനെയാണ് ജാപ്പനീസ് ജി.ഡി.പിയുടെ വളർച്ച.
2026-ൽ ജപ്പാനെയും 2027-ൽ ജർമ്മനിയെയും പിന്തള്ളി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ എത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നത്. ഫോർബ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ 27.974 ട്രില്യൺ ഡോളറുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യം അമേരിക്കയാണ്. 18.566 ട്രില്യൺ ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തും, 4.730 ട്രില്യൺ ഡോളറുമായി ജർമനി മൂന്നാം സ്ഥാനത്തും, 4.291 ട്രില്യൺ ഡോളറുമായി ജപ്പാൻ നാലാം സ്ഥാനത്തുമാണ്. 4.112 ട്രില്യൺ ഡോളറുമായി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് നിലവിൽ ഇന്ത്യ.