കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി: ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കി സുപ്രീം കോടതി

0
224

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കുന്നതിനായി മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് അഥവാ തിരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതി റദ്ദാക്കി സുപ്രീം കോടതി. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് വിധി പ്രസ്‌താവിച്ചത്. സി.പി.എമ്മും ചില സംഘടനകളുമാണ് ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.


കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും മറ്റും ഇലക്ടറൽ ബോണ്ട് വഴി സംഭാവനകൾ സ്വീകരിക്കുന്നതും അത് രഹസ്യമാക്കി വയ്ക്കുന്നതും ആർട്ടിക്കിൾ 19 (1) (എ) അനുശാസിക്കുന്ന പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെയും വിവരാവകാശ നിയമത്തിന്റെയും ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ടുവഴി നൽകുന്ന സംഭാവനക്കണക്കുകൾ പൊതുജനങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയേ തീരൂവെന്നും ബെഞ്ച് പറഞ്ഞു. ബോണ്ട് സംബന്ധിച്ച കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകാൻ ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കിയിരുന്ന എസ്.ബി.ഐയോടും കോടതി നിർദേശിച്ചു. ഇലക്ടറൽ ബോണ്ട് തികച്ചും സുതാര്യമെന്ന് വാദിച്ചിരുന്ന കേന്ദ്രസർക്കാരിന് വലിയ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ വിധി.


2017-22 വരെയുള്ള കണക്കനുസരിച്ച് 5,271 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പി നേടിയത്. 952 കോടി രൂപയാണ് രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് കിട്ടിയത്. 768 കോടി രൂപ സമാഹരിച്ച തൃണമൂൽ കോൺഗ്രസാണ് മൂന്നാമത്.