രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ജൂലൈയിൽ വൻ വർധന. ജൂണിലെ 934 കോടിയില്‍ നിന്നും ജൂലൈയില്‍ 996 കോടിയായി യുപിഐ പേയ്മെന്റുകള്‍ ഉയര്‍ന്നു.
ആറ് ശതമാനം വര്‍ധനയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം ഇടപാടുകളുടെ മൂല്യവും കുത്തനെ ഉയര്‍ന്നു. ജൂണില്‍ 14.75 ലക്ഷം കോടിയായിരുന്നത് 4 ശതമാനം ഉയര്‍ന്ന് 15.34 ലക്ഷം കോടി രൂപയായി.
രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി ഇടപാടുകള്‍ കൈകാര്യം ചെയ്യാൻ കോര്പ്പറേഷൻ ഒരുങ്ങുകയാണെന്ന് എൻപിസിഐ മേധാവി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഇടപാടുകള്‍ 58 ശതമാനം വര്‍ധിക്കുകയും ഇടപാട് മൂല്യം 44 ശതമാനം വര്‍ധിക്കുകയും ചെയ്തു.
നിലവില്‍ ഓരോ മൂന്ന് ദിവസത്തിലും ഏകദേശം 100 കോടി യുപിഐ പേയ്മെന്റുകള്‍ നടക്കുന്നുണ്ട്. വരും മാസങ്ങളില്‍ ഉത്സവ സീസണ് തുടങ്ങുന്നത് കാരണം യുപിഐ പേയ്മെന്റുകള്‍ വലിയ രീതിയില്‍ ഉയരും. ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് ഇടപാടുകളിലും വര്‍ധനവുണ്ടായി.